Skip to main content

ഭക്ഷ്യവിഷബാധ: മുൻ കരുതൽ നടപടികളുമായി പേരാമ്പ്ര പഞ്ചായത്ത്

സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഭക്ഷ്യവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ഹോട്ടൽ, കൂൾബാർ ഉടമകളുടെ അടിയന്തിര യോഗം ചേർന്നു. സ്ഥാപനങ്ങളിൽ ശുചിത്വപരിപാലനത്തിന് പരമ പ്രാധാന്യം നൽകുന്നതിനും ഗുണമേന്മയില്ലാത്തതും, മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ കർശനമായി ഉപേക്ഷിക്കുന്നതിനും ഭക്ഷ്യവിഷബാധ കൂടുതലായി കണ്ടുവരുന്ന ഷവർമ ഉൽപ്പാദിപ്പിക്കുന്നത് നിർത്തിവെക്കുന്നതിനും യോഗം തീരുമാനിച്ചു.

 

ഹോട്ടൽ, കൂൾബാർ തൊഴിലാളികൾക്ക് രണ്ട് ദിവസങ്ങളിലായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. സ്ഥാപനങ്ങൾ ആരോഗ്യ പഞ്ചായത്ത് ജീവനക്കാർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും പൊതുജനാരോഗ്യത്തിന് ഭീക്ഷണി ഉയർത്തുന്നതും, ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ അടച്ചുപൂട്ടുന്നതിനും യോഗത്തിൽ ധാരണയായി. 

 

പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, സെക്രട്ടറി ഷിജു. എൽ.എൻ, ഹെൽത്ത് ഇൻസ്പെക്ടർ സരിത്ത്, അസീസ്, വ്യാപാരസംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

date