Skip to main content

റിപ്പബ്ലിക് ദിനം: ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗം ചേര്‍ന്നു

 

രാജ്യത്ത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാതല സ്ഥിരം ആഘോഷസമിതി യോഗം ചേര്‍ന്നു. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നും പതാക ഉയര്‍ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍ പറഞ്ഞു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഡി.എഫ്.ഒ, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.സി.സി, എസ്.പി.സി എന്നിവരെ ഉള്‍പ്പെടുത്തി പരേഡ് നടക്കും. കോട്ടമൈതാനത്ത് ജനുവരി 21, 23 തീയതികളില്‍ വൈകിട്ട് മൂന്നിനും 24 ന് രാവിലെയും പരേഡ് പരിശീലനം നടക്കും.

ദേശീയ പതാക ഉയര്‍ത്തല്‍, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, കലാപരിപാടികള്‍, ബാന്‍ഡ് സെറ്റ്, പന്തല്‍, അലങ്കാരങ്ങള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കുള്ള സജ്ജീകരണം, ശുചീകരണം ഉള്‍പ്പെടെയുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ഡി.ഒ ഡി. അമൃതവല്ലി, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ. ഷാഹുല്‍ ഹമീദ്, പാലക്കാട് മുന്‍സിപ്പാലിറ്റി സെക്രട്ടറി ടി.ജി അജേഷ്, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date