Skip to main content

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു

എന്‍. വി. കൃഷ്ണവാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരന്‍ സ്മാരക വിവര്‍ത്തനപുരസ്‌കാരം എന്നിവയ്ക്കായി കൃതികള്‍ ക്ഷണിച്ചെന്ന് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. 2022 ജനുവരി-ഡിസംബര്‍ മാസത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാര്‍ഡിനും വിവര്‍ത്തന അവാര്‍ഡിനും സമര്‍പ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങള്‍, സാമൂഹിക ശാസ്ത്രം, കല/സംസ്‌കാരപഠനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടു വിഭാഗങ്ങളിലും അവാര്‍ഡിനായി പരിഗണിക്കുക.

 

ഇംഗ്ലീഷ് ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവര്‍ത്തനപുരസ്‌കാരത്തിന് പരിഗണിക്കുക.  ഗവേഷണ പുരസ്‌കാരത്തിനുള്ള സമര്‍പ്പണങ്ങള്‍ 2022 ജനുവരിയ്ക്കും ഡിസംബറിനുമിടയില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധങ്ങളുടെ മലയാള വിവര്‍ത്തനമായിരിക്കണം. മലയാളം ഒഴികെ മറ്റുഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍.

 

പുരസ്‌കാരത്തിനുള്ള സമര്‍പ്പണങ്ങള്‍ ഫെബ്രുവരി 10നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തില്‍ ലഭിക്കണം. വൈജ്ഞാനിക പുരസ്‌കാരത്തിനും വിവര്‍ത്തന പുരസ്‌കാരത്തിനും സമര്‍പ്പിക്കുന്ന പുസ്തകങ്ങളുടെ നാലു കോപ്പി വീതമാണ് അയക്കേണ്ടത്. ഗവേഷണ പ്രബന്ധങ്ങളുടെ നാലു വീതം പകര്‍പ്പുകളും അയക്കണം. ഓരോ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക.  സമര്‍പ്പണങ്ങള്‍ ഓരോന്നും മൂന്നു വിദഗ്ധര്‍ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരദാനം.

date