Skip to main content

ജില്ലയിലെ സ്‌കാനിങ് സെന്ററുകളില്‍ പരിശോധന ശക്തമാക്കും

ജില്ലയിലെ സ്‌കാനിങ് സെന്ററുകളില്‍ പരിശോധന ശക്തമാക്കാന്‍ പി.എന്‍.ഡി.ടി (പ്രീ-കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ്)  ജില്ലാതല  അഡൈ്വസറി കമ്മിറ്റിയോഗം തീരുമാനിച്ചു. പുതിയ പിസി - പി.എന്‍.ഡി.ടി നിയമ പ്രകാരമുള്ള സൗകര്യങ്ങളും രജിസ്റ്ററുകളും സ്‌കാനിങ് സെന്ററുകളില്‍ ഉണ്ടാവണം. നിയമാനുസൃത യോഗ്യതയുള്ള ഡോക്ടര്‍ മാത്രമേ സ്‌കാനിങ്  നടത്താവൂ. ഇത് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു. പുതുതായി ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും  രജിസ്ട്രേഷന് വേണ്ടി അപേക്ഷ സമര്‍പ്പിക്കണം. അനുമതി ലഭിച്ച ശേഷം മാത്രമേ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കാന്‍ പാടുള്ളൂ. ജില്ലയില്‍ നിലവിലുള്ള എല്ലാ സ്‌കാനിങ് സ്ഥാപനങ്ങളും പി.സി-പി.എന്‍.ഡി.ടി നിയമം കൃത്യമായി പാലിക്കണം. ഈ നിയമപ്രകാരം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്നത് തെറ്റാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ  നടപടികള്‍ സ്വീകരിക്കും. പുതിയ  റജിസ്ട്രേഷന് വേണ്ടിയുള്ള  അപേക്ഷകളിലും കമ്മിറ്റി തീരുമാനമെടുത്തു.
 യോഗത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ടി ഗംഗാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പി. റഷീദ്  ബാബു , ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. പമീലി, സീനിയര്‍ ഗൈനക്കോളജിസ്റ്റ് കെ. എ മെഹര്‍ബാന്‍, മാസ് മീഡിയ ഓഫീസര്‍ പി. രാജു, ഡി.പി.എച്ച് എന്‍ സുബൈദ. പി എന്നിവര്‍ പങ്കെടുത്തു.
 

date