Skip to main content

ഭവന നിര്‍മ്മാണ പദ്ധതി  ഉദ്ഘാടനം

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഭവന നിര്‍മ്മാണ പദ്ധതി അതിവേഗത്തിലാക്കി പൊന്നാനി നഗരസഭ.  നഗരസഭയുടെ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തികരിച്ച പുതിയ 151 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. കൂടാതെ പുതിയ ഡി.പി.ആറില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ആദ്യ ഗഡു വിതരണവും സംഘടിപ്പിച്ചു. പദ്ധതി പ്രകാരമുള്ള എട്ടാമത് ഡി.പി.ആറില്‍ ഉള്‍പ്പട്ട ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഗഡു വിതരണം ചെയ്തത്. പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള ഒപ്പം പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു.  പരിപാടികളുടെ ഉദ്ഘാടനം പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
പൊന്നാനി നഗരസഭയില്‍ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം 9 ഡി.പി.ആര്‍ പ്രകാരം ആകെ 1821 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. അതില്‍ 7 വരെയുള്ള ഡി.പി.ആറില്‍ ഉള്‍പ്പെട്ട 1008 ഗുണഭോക്താക്കള്‍ നിലവില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് പുതുതായി പൂര്‍ത്തീകരിച്ച 151 വീടുകള്‍ക്കു കൂടിയുള്ള താക്കോല്‍ ദാനമാണ് എം.എല്‍.എ നിര്‍വ്വഹിച്ചത്. ഇതോടെ 1159 പേര്‍ നഗരസഭയില്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കൂടാതെ പുതുതായി 8, 9 എന്നീ ഡി.പി. ആറുകളിലായി 494 കുടുംബങ്ങള്‍ക്ക് കൂടി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലെ എട്ടാമത് ഡി.പി.ആറില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഒന്നാം ഗഡുവിന്റെ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു.
ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയാണ് ഒപ്പം. കൂടെയുണ്ട് കരുതലായി എന്ന ഒപ്പം ക്യാമ്പയിന്റെ നഗരസഭാ തല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. തൊഴില്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിലധിഷ്ഠിതമായ പരിപാടിയാണ് ഒപ്പം.
പൊന്നാനി ചാണ ആര്‍.വി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആബിദ,രജീഷ് ഊപ്പാല,ഒ.ഒ ഷംസു, ഷീന സുദേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ രാധാകൃഷ്ണന്‍,  പി.എം.എ.വൈ ലൈഫ് സോഷ്യല്‍ ഡെവലപ്‌മെന്റ്  സ്‌പെഷ്യലിസ്റ്റ് നിവ്യ, എന്‍.യു.എല്‍. എം സിറ്റി മിഷന്‍ മാനേജര്‍ സുനില്‍ തുടങ്ങിയവര്‍  സംസാരിച്ചു.

 

date