Skip to main content

തിരൂരങ്ങാടിയിലെ പാടശേഖരങ്ങള്‍ ജില്ലാതല സമിതി സന്ദര്‍ശിക്കും

 തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ  മോര്യാ കാപ്പ്, തിരുത്തി, വെഞ്ചാലി, കണ്ണാടിത്തടം, ചെറുമുക്ക്, കുണ്ടൂര്‍, കൊടിഞ്ഞി, കക്കാട് പാടശേഖരങ്ങളിലെ നെല്‍കൃഷിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് റവന്യൂ, കൃഷി,  ജലസേചന,  തദ്ദേശസ്വയംഭരണ  വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചുള്ള ജില്ലാതല സമിതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കെ.പി.എ മജീദ് എം.എല്‍.എ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ജില്ലാതല സമിതി ഒരാഴ്ചക്കുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാടശേഖരങ്ങളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും    നഗരസഭ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുത്ത യോഗം എം.എല്‍.എയുടെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്നിരുന്നു.  
 റവന്യൂ വകുപ്പില്‍ നിന്നും തഹസില്‍ദാര്‍, ജില്ലാ പ്രിന്‍സിപ്പല്‍, കൃഷി ഓഫീസര്‍, ജലസേചന വിഭാഗം  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരേയാണ് ജില്ലാതല സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി,   പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍, തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്  റൈഹാനത്ത്,  ബാപ്പുട്ടി, അസീസ് കൂളത്ത്, എ കെ മരക്കാരുട്ടി,  ടി കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

date