Skip to main content

പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരിരക്ഷ രണ്ടാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു; മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

ഗുരുതര രോഗാവസ്ഥയിലുള്ളവരെയും ഭിന്നശേഷിക്കാരെയും കിടപ്പ് രോഗികളെയും വീടുകളിലെത്തി പരിചരിക്കുന്നതിനുള്ള പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരിരക്ഷ രണ്ടാം യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും പരിരക്ഷ കുടുംബ സംഗമവും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പരിരക്ഷ രണ്ടാമത് യൂണിറ്റ് നടപ്പിലാക്കുന്നത്. പുറത്തൂര്‍ ജി.ഡി റിവര്‍ലാന്റ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
വര്‍ഷം തോറും 10 ലക്ഷത്തോളം രൂപയാണ് പരിരക്ഷ സേവനങ്ങള്‍ക്കായി പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വകയിരുത്തുന്നത്. പരിരക്ഷ സേവനത്തിനായി നിലവില്‍ 506 രോഗികള്‍ രജിസ്റ്റര്‍ ചെയ്ത പുറത്തൂര്‍ പഞ്ചായത്തില്‍ രണ്ടാമത് യൂണിറ്റ് കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ പദ്ധതിക്ക് കൂടുതല്‍ ക്ഷമത കൈവരിക്കാനാകും. ആഴ്ചയില്‍ നാല് ദിവസമാണ് വീടുകളിലെത്തിയുള്ള പരിരക്ഷയുടെ സേവനം നടന്നു വരുന്നത്. ഫിസിയോ തെറാപ്പി ആവശ്യമുള്ളവര്‍ക്കായി പുറത്തൂര്‍ സി.എച്ച്.സിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
പുറത്തൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, ജില്ലാ പഞ്ചായത്തംഗം ഇ. അഫ്‌സല്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി പ്രശാന്ത്, കെ. ഉമ്മര്‍, സരസ്വതി, പഞ്ചായത്തംഗങ്ങളായ എം.എന്‍.ഉഷ, രാജന്‍ കരേങ്ങല്‍, സി.എം പുരുഷോത്തമന്‍, പരിരക്ഷ കോര്‍ഡിനേറ്റര്‍ സബിത, സി.ഡി.എസ് അധ്യക്ഷ സാജിത, ആശവര്‍ക്കര്‍ ഗീത എന്നിവര്‍ സംസാരിച്ചു.

date