Skip to main content

കെ.വി. ബിന്ദു പ്രസിഡന്റ്, അഡ്വ. ശുഭേഷ് സുധാകരൻ വൈസ് പ്രസിഡന്റ്

 

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.വി. ബിന്ദുവും വൈസ് പ്രസിഡന്റായി അഡ്വ. ശുഭേഷ് സുധാകരനും തെരഞ്ഞെടുക്കപ്പെട്ടു.
ശനിയാഴ്ച രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 22 ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ 21 പേർ വോട്ടുരേഖപ്പെടുത്തി. കെ.വി. ബിന്ദുവിന് 14 വോട്ടും രാധാ വി. നായർക്ക് ഏഴു വോട്ടും ലഭിച്ചു. ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു. കുമരകം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കെ.വി. ബിന്ദു.
നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന തെരഞ്ഞെടുപ്പിൽ എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഡ്വ. ശുഭേഷ് സുധാകരൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. ശുഭേഷ് സുധാകരന് 14 വോട്ടും ജോസ്‌മോൻ മുണ്ടയ്ക്കലിന് ആറു വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ശുഭേഷ് സുധാകരൻ. റ്റി.എസ്. ശരത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു. ഇരുവരും ചുമതലയേറ്റു.

ഫോട്ടോകാപ്ഷൻ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. ബിന്ദു സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ശുഭേഷ് സുധാകരൻ സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കുന്നു.

(കെ.ഐ.ഒ. പി.ആർ. 245/2023 )
 

date