Skip to main content

ശൈശവ വിവാഹത്തിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചു

'ശൈശവ വിവാഹ നിരോധന നിയമം: മത - സാമൂഹ്യപ്രവര്‍ത്തകരുടെ ചുമതലകളും പ്രവര്‍ത്തന സാധ്യതകളും' എന്ന വിഷയത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന സെമിനാര്‍ എ.ഡി.എം എന്‍.എം മഹറലി ഉദ്ഘാടനം ചെയ്തു. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഓരോ കുട്ടിയെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഉണ്ടെന്ന് എ.ഡി.എം പറഞ്ഞു. വിവാഹം മാത്രമല്ല ജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യം എന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത വര്‍മ്മ വിഷയാവതരണം നടത്തി. ബാല്യ വിവാഹത്തിന്റെ നിയമപ്രശ്നങ്ങളും അതുണ്ടാക്കുന്ന ആരോഗ്യ - സാമൂഹിക പ്രശ്നങ്ങളും രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്ന് അഡ്വ. സുജാത വര്‍മ്മ പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണ് പലപ്പോഴും ശൈശവ വിവാഹങ്ങളുടെ അടിസ്ഥാന കാരണം. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കളില്‍ അവബോധം വളര്‍ത്തുന്നതിലൂടെ അതിനെ മറികടക്കാനാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം ശ്രുതി, പോലീസ് വനിതാ സെല്‍ എസ്.എച്ച്.ഒ റസിയ ബംഗാളത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ അമ്പിളി, പെരിന്തല്‍മണ്ണ വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ പി.പി. രഹനാസ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ പ്രൊഫ. എം. അബ്ദുള്ള, സിദ്ദീഖ് കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയായി സദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ, ശാക്തീകരണം, സമത്വം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വനിതാ ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

date