Skip to main content

സിവില്‍ സ്റ്റേഷനില്‍  ഹരിതരശ്മി ആഴ്ച്ച ചന്ത നടത്തി

ഹരിതരശ്മി പദ്ധതിയില്‍  ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള ആഴ്ച ചന്ത കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ചന്ത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഹരിതരശ്മി സംഘങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തി  നടത്തിയ ചന്തയിലേക്ക് ഉല്‍പന്നങ്ങള്‍ തേടി ആവശ്യക്കാര്‍ ഏറെയെത്തി.  ക്യാബേജ്, കോളിഫ്‌ളവര്‍, ചൈനീസ് ക്യാബേജ്, പച്ചമുളക്, വഴുതന, പയര്‍ തക്കാളി, ടെര്‍ണിപ്പ്, വാഴക്കുല തുടങ്ങിയ ഇനങ്ങളാണ്  കര്‍ഷകര്‍  വില്‍പനക്കെത്തിച്ചത്.  പട്ടിക വര്‍ഗ ജനവിഭാഗങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും അതുവഴി അവരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പു വരുത്താനും പട്ടികവര്‍ഗ വികസന വകുപ്പ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതരശ്മി. ജില്ലയില്‍ 130 സംഘങ്ങളിലായി 3000 കര്‍ഷകരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് മികച്ച വില  ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീര്‍ ചെമ്പന്‍തോടിക, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date