Skip to main content
എസ്.ഡി.വി. സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍മേള

സർക്കാർ ശ്രമിക്കുന്നത് കൂടുതൽ തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കാൻ-എ.എം.ആരിഫ് എം.പി.

 

ആലപ്പുഴ:  സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്കും പ്രത്യേക തൊഴിൽ നൈപുണ്യം നേടിയവർക്കുൾപ്പടെ എല്ലാവർക്കും കൂടുതൽ തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് എ.എം.ആരിഫ് എം.പി. പറഞ്ഞു. 
തൊഴിലന്വേഷകർക്ക് ആലപ്പുഴ നിയോജക മണ്ഡലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ 
എസ്.ഡി.വി. സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍മേള  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരഭകർക്ക് ഏറെ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇത് പുതിയ തൊഴിൽ സാധ്യതകൾ കേരളത്തിൽ 
തുറക്കുമെന്നും എം.പി പറഞ്ഞു.
പ്രമുഖ ഐ.ടികമ്പനികൾ., ആരോഗ്യ മേഖലയിലെ പ്രമുഖ കമ്പനികൾ , ഇൻഷൂറൻസ്,ടൂറിസം,
സെയിൽസ്, മാര്‍ക്കറ്റിംഗ് രംഗത്തെ വിവിധ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. കേരള നോളജ് മിഷൻ, അസാപ്, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് എന്നിവയും മേളയിൽ പങ്കാളികളായി. നാൽപ്പതോളം കമ്പനികൾ മേളയിൽ പങ്കെടുത്തു. 4873 പേർ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി. ഏതാണ്ട് 2373 വേക്കൻസികളാണ് കണ്ടെത്തിയിട്ടുള്ളത്. തൊഴിൽ മേള വൈകിട്ടോടെ സമാപിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി,  നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ്, ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി.മഹീന്ദ്രൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി.മോഹനൻ, ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ്, സംഘാടക സമിതി ചെയർമാനും ടെക്ജൻഷ്യ സി.ഇ.ഓയുമായ ജോയ് സെബാസ്റ്റ്യൻ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.

date