Skip to main content

മാന്നാർ, ചെങ്ങന്നൂർ, ആറന്മുള  പൈതൃക സാംസ്കാരിക ടൂറിസം പദ്ധതി ഉടൻ - മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: പമ്പാനദിയോരത്തെ പൈതൃക ഗ്രാമങ്ങളായ മാന്നാർ, ചെങ്ങന്നൂർ, ആറന്മുള
കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ നിർവഹണം ആറു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മാന്നാർ, ചെങ്ങന്നൂർ, ആറന്മുള , സാംസ്കാരിക ടൂറിസം പദ്ധതി രൂപീകരണം സംബന്ധിച്ച് ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ആർക്കിടെക്ട് ബെന്നി കുര്യാക്കോസ് തയ്യാറാക്കിയിട്ടുള്ള കോൺസെപ്റ്റ് നോട്ട് കൂടുതൽ വിപുലീകരിച്ച് പദ്ധതി രൂപരേഖ മൂന്നുമാസത്തിനുള്ളിൽ
പൂർത്തിയാക്കുന്നതാണ്. ഈ രൂപരേഖ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ എത്രയും വേഗം നടത്തും. ആർക്കിടെക്ട് ബെന്നി കുര്യാക്കോസ്, പൈതൃക സംരക്ഷണ രംഗത്തെ വിദഗ്ധർ, കലാ സാഹിത്യ കരകൗശല കലാകാരന്മാർ എന്നിവരും മാന്നാർ ചെങ്ങന്നൂർ ആറന്മുള അയിരൂർ പ്രദേശങ്ങളിൽ നിന്നുള്ള 150-ലധികം പേരും ശില്പശാലയിൽ പങ്കെടുത്തു. 

ടൂറിസം വികസന പദ്ധതിയായല്ല നാടിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്ന സ്വയംപര്യാപ്തമായ ജനകീയ പദ്ധതിയായാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സുസ്ഥിര വളർച്ച ഉറപ്പാക്കിയും ജനങ്ങൾ സ്വയം ഏറ്റെടുത്തുള്ള പദ്ധതി നിർവഹണമാണ് ഉദ്ദേശിക്കുന്നത്.

കുട്ടമ്പേരൂർപുഴ പമ്പയാറിന്റേയും ഉൾപ്പെടെയുള്ള സമീപത്തെ ജലസ്രോതസ്സുകളുടേയും സംരക്ഷണവും മാന്നാർ, ചെങ്ങന്നൂർ, കല്ലിശ്ശേരി, ആറന്മുള
കരകൗശല പെരുമയുടെ പരിപോഷണവും പദ്ധതി ലക്ഷ്യമിടുന്നു. ചരിത്ര പ്രധാനവും പുരാതന തുറമുഖകേന്ദ്രമായ നിരണത്തിനു സമീപമുള്ള "നാക്കട" പ്രദേശത്തിന്റെ ഭൂതകാല പ്രൗഢിയെ സാക്ഷ്യപ്പെടുത്തുന്നു. മുസിരിസ് പൈതൃക പദ്ധതി, വയനാട് കൾച്ചറൽ ഹെറിട്ടേജ് പദ്ധതി തുടങ്ങിയവക്ക് സമാനമായ രീതിയിൽ നിർദ്ദിഷ്ട പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുന്മെന്ന് ശിൽപ്പശാല വിലയിരുത്തി. പുരാതന കവി ശക്തിഭദ്രനേയും കണ്ണശ്ശകവികളേയും തിരുനിഴൽമാലാ കർത്താവ് ഗോവിന്ദനേയും ചെങ്ങന്നൂർ ആദിയേയും മൂലൂരിനേയും കവയിത്രി
സുഗതകുമാരിയേയും സ്മരിച്ചുകൊണ്ടാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കുക. ഒരു പൈതൃക സംരക്ഷണ പദ്ധതിയായി നടപ്പിലാക്കുന്നതിന് കൂടുതൽ വിശദാംശങ്ങളും ചരിത്ര സാക്ഷ്യങ്ങളും കണ്ടെത്താൻ ഗവേഷണ ഡെസ്ക് പ്രവർത്തിക്കും. അതുവഴി കൂടുതൽ വിവരശേഖരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

date