Skip to main content
ഫോട്ടോ- അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന അട്ടപ്പാടി പുരാതത്വ സര്‍വ്വെ ഉദ്ഘാടനം ചെയ്ത് തുറമുഖം-പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്  ദേവര്‍കോവില്‍ സംസാരിക്കുന്നു.

അട്ടപ്പാടിയുടെ ചരിത്രാന്വേഷണമാണ് പുരാതത്വ സര്‍വ്വെയിലൂടെ ലക്ഷ്യമിടുന്നത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയുടെ സമഗ്രമായ ചരിത്രാന്വേഷണമാണ് പുരാതത്വ സര്‍വ്വെയിലൂടെ    ലക്ഷ്യമിടുന്നതെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന അട്ടപ്പാടി പുരാതത്വ സര്‍വ്വെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീഴുന്ന തെളിവുകള്‍ ശിലായുഗ കാലം മുതല്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന പഠനത്തില്‍ കൂടുതല്‍ വീരക്കല്ലുകള്‍ ലഭിച്ച പ്രദേശമാണ് അട്ടപ്പാടിയെന്നും മന്ത്രി പറഞ്ഞു.  ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയെക്കുറിച്ച് സമഗ്രമായ സര്‍വ്വെ നടത്തുന്നത് ആദ്യമായാണ്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥിക്കള്‍ ഉള്‍പ്പെടെ 22 പേര്‍ അടങ്ങിയ ഫീല്‍ഡ് സര്‍വ്വെ സംഘത്തെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ നാല് സംഘങ്ങളായി തിരിഞ്ഞ് അട്ടപ്പാടിയില്‍ സര്‍വ്വെ നടത്തും. സര്‍വ്വെ സമഗ്രമാവുന്നതിന് പ്രാദേശിക പിന്തുണ അനിവാര്യമാണെന്നും തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് അട്ടപ്പാടിയുടെ സവിശേഷതകള്‍ ചൂണ്ടിക്കാണിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണം സര്‍വ്വെക്ക് ഉറപ്പാക്കും. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ചരിത്ര സംരക്ഷണത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും.  പ്രദേശവാസികള്‍ക്ക് ദോഷകരമാവാത്ത രീതിയില്‍ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണം.
സ്മാരകങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്രാവശിഷ്ടങ്ങള്‍ പോയ തലമുറയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അത് നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.  തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സര്‍വ്വെക്ക് തുടക്കമിട്ടത്. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍,  ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, ഷോളയൂര്‍- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രാമൂര്‍ത്തി, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി ജി. കുറുപ്പ്, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍, പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ ആതിര.ആര്‍.പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

date