Skip to main content
logo

സംസ്ഥാനതല തദ്ദേശദിനാഘോഷം : പാട്ടബാക്കി നാടകം ഇന്ന്

 

മൊത്തം 66 സ്റ്റാളുകൾ
പ്രവേശനം സൗജന്യം
പ്രവേശന സമയം രാവിലെ 10 മുതൽ രാത്രി ഒൻപതു വരെ

തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന തല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയ കെ. ദാമോദരന്റെ നാടകം പാട്ടബാക്കി ഇന്ന് വീണ്ടും അരങ്ങേറും. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായാണ് പാട്ടബാക്കിയെ വിശേഷിപ്പിക്കുന്നത്. ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന-വിപണന-പുഷ്പ മേള നടക്കുന്ന ചാലിശ്ശേരി മുല്ലയം പറമ്പ് ക്ഷേത്ര മൈതാനിയില്‍ വൈകിട്ട് എട്ടിന് ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജാണ് നാടകം അവതരിപ്പിക്കുക. ഇതിനു മുമ്പ് മൂന്ന് വേദികളില്‍ ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജ് പാട്ടബാക്കി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തതകളോടെയാണ് തദ്ദേശ ദിനാഘോഷത്തില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകനായ ഇന്ദ്രന്‍ മച്ചാടാണ് ഇതിനായി നാടകത്തിന്റെ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. തുടർന്ന് വൈകീട്ട് ആറിന് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്‍ നേതൃത്വം നല്കുന്ന നൂറ്റൊന്ന്‌പേരുടെ പഞ്ചവാദ്യം ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന - വിപണന - ഭക്ഷ്യ - പുഷ്പ മേള മുല്ലയംപറമ്പില്‍ തുടരും.

ഫെബ്രുവരി  18 ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സാരഥികളുടെ സമ്മേളനത്തില്‍ ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അദ്ധ്യക്ഷതയില്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍ രാവിലെ 10 ന് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിയ്ക്കും.രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍ ബാലഗോപാല്‍, കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിയ്ക്കും.

വൈകിട്ട് നാലിന്  അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍  മുരളീ മേനോന്റെ സിത്താര്‍ വാദനം, അഞ്ചിന് ചവിട്ടുകളി,  ആറിന് മുല്ലയം പറമ്പ് മൈതാനത്ത് വയലി ബാംബു മ്യൂസിക്.  രാത്രി എട്ടിന്  പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും വേദിയിലെത്തും. തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വെള്ളിയാങ്കല്ലില്‍ ഭാരതപ്പുഴയില്‍ ഫെബ്രുവരി 18,19 തീയ്യതികളില്‍ കയാക്കിംങ്ങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.

 

date