Skip to main content
കുട്ടനാട് പാക്കേജ് നടപ്പാക്കും-മന്ത്രി സജി ചെറിയാന്‍ 

കുട്ടനാട് പാക്കേജ് നടപ്പാക്കും-മന്ത്രി സജി ചെറിയാന്‍ 

 

ആലപ്പുഴ: കേരളത്തിന്റെ നെല്ലറയും ടൂറിസം ഹബ്ബും ആക്കി കുട്ടനാടിനെ മാറ്റത്തക്കവിധം സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കുന്ന കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  ഈ വര്‍ഷം 135 കോടി രൂപ  മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് നിയോജക മണ്ഡലത്തില്‍ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേന നിര്‍മ്മിക്കുന്ന കൈനകരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,4 ലെ ബേക്കറി പാലം മുതല്‍ എല്‍സി ജെട്ടി വരെയുള്ള റോഡ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് ബേക്കറി ജങ്ഷന് സമീപം സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. 

കുട്ടനാട് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കും.  കുട്ടനാടിന്റെ കുടിവെള്ള പ്രശ്നത്തിന് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ  പരിഹാരം കാണുമെന്ന് 
മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേശീയപാതയുടെ വികസനം അരൂര്‍ മുതല്‍ ഓച്ചിറ വരെ വളരെ വേഗത്തില്‍ മുന്നേറുകയാണ്. 27 വര്‍ഷമായി ഭൂമിയേറ്റെടുക്കലില്‍ തട്ടി  പ്രതിസന്ധിയിലായിരുന്ന ദേശീയപാതാ വികസനമാണ് ഇപ്പോള്‍ നടക്കുന്നത്. പതിനായിരം കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ കൊടുത്തതിലൂടെയാണ്  ദേശീയപാത നിര്‍മ്മാണത്തിന് വഴിതെളിഞ്ഞത്.  750 കോടി രൂപ ചെലവഴിച്ച് എസി റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ അതിവേഗം മുന്നോട്ടു പോവുകയാണ്. ജില്ലയില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കുട്ടനാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി കുട്ടനാട്ടില്‍ 11 റോഡുകള്‍ക്ക് മാത്രം 7.76 കോടി രൂപയാണ് മാറ്റി വച്ചത്. ബേക്കറി പാലം മുതല്‍ എല്‍സി ജെട്ടി വരെയുള്ള കോണ്‍ക്രീറ്റ് റോഡ് രണ്ടു കോടി 38 ലക്ഷം രൂപ ചെലവഴിച്ച് 1747 മീറ്റര്‍ നീളത്തിലാണ്  നിര്‍മ്മിക്കുന്നത്. 15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, മുന്‍ നിയമസഭാംഗം സി കെ സദാശിവന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദ മിനില്‍കുമാര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല സജീവ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എ പ്രമോദ്, സബിത മനു, സന്തോഷ് പട്ടണം, 
വാര്‍ഡ് അംഗങ്ങളായ കവിത സാബു, നോബിന്‍ പി ജോണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എഫ് സെബാസ്റ്റ്യന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിജി.കെ.തട്ടാമ്പുറം എന്നിവര്‍ പ്രസംഗിച്ചു. 

 

date