Skip to main content

മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കെ.എസ്.ബി.സി.ഡി.സി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സി.ഡി.എസ് മുഖേന കുറഞ്ഞ പലിശ നിരക്കില്‍ മൈക്രോ ക്രെഡിറ്റ് മഹിളാ സമൃദ്ധി യോജന വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ദേശീയ പിന്നാക്ക വിഭാഗം ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, ദേശീയ സഫായി കര്‍മ്മചാരിസ് ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ വായ്പ പദ്ധതികളാണ് കെ.എസ്.ബി.സി.ഡി.സി മുഖേന നല്‍കുന്നത്. എന്‍.ബി.സി.എഫ്.ഡി.സി പദ്ധതിക്ക് തെരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടത്തിലെ 60 ശതമാനം അംഗങ്ങളും മറ്റു പിന്നാക്ക വിഭാഗക്കാരായിരിക്കണം. എന്‍.എം.ഡി.എഫ്.സി ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതിക്ക് 60 മുതല്‍ 75 ശതമാനം അംഗങ്ങളും ന്യൂനപക്ഷ വിഭാഗക്കാരും എന്‍.എസ്.കെ.എഫ്.ഡി.സി പദ്ധതിയിലേക്ക് 50 ശതമാനം മറ്റ് പിന്നാക്ക / ന്യൂനപക്ഷ വിഭാഗക്കാരായ അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് മുന്‍ഗണന. ഒരു സി.ഡി.എസിന് പരമാവധി മൂന്ന് കോടി രൂപ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ ലഭിക്കും. സി.ഡി.എസുകള്‍ മുഖേന ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 15 ലക്ഷവും വ്യക്തികള്‍ക്ക് ഒരു ലക്ഷം വരെയും വായ്പ നല്‍കും. എന്‍.എസ്.കെ.എഫ്.ഡി.സി ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതിയില്‍ ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 10 ലക്ഷം രൂപയാകും വായ്പ നല്‍കുക. മഹിളാ സമൃദ്ധി യോജന പദ്ധതിയില്‍ 3 ശതമാനം  നിരക്കിലും മൈക്രോ ക്രെഡിറ്റില്‍ നാല് ശതമാനം നിരക്കിലും ആണ് സി.ഡി.എസുകള്‍ക്ക് വായ്പ അനുവദിക്കുക. സി.ഡി.എസിന് ഒരു ശതമാനം നിരക്കില്‍ മാര്‍ജിന്‍ എടുത്ത ശേഷം നാല്, അഞ്ച് ശതമാനം നിരക്കില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് വായ്പ വിതരണം ചെയ്യണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് ലഭ്യമായതിനാല്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ വായ്പയ്ക്കായി കുടുംബശ്രീ സി.ഡി.എസില്‍ ബന്ധപ്പെടണമെന്ന് കെ.എസ്.ബി. സി.ഡി.സി അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. ഫോണ്‍ - 0491 2505366, 0491 2505367

 

 

date