Skip to main content

ജില്ലയില്‍ പാചകവാതക വിതരണ കൂലി നിശ്ചയിച്ചു

ആലപ്പുഴ: ജില്ലയില്‍ പാചകവാതക വിതരണ കൂലി നിശ്ചയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി. തൊട്ടടുത്ത ജില്ലയായ കൊല്ലം ജില്ലയിലെ വിതരണ കൂലി അടിസ്ഥാനപ്പെടുത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ജില്ലയില്‍ പാചകവാതക വിതരണ കൂലി വര്‍ധനവ് നടപ്പില്‍ വരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചിരുന്നു. ജില്ലയിലെ വിതരണ ഏജന്‍സികളുടെ സീറോ പോയിന്റ് ഗ്യാസ് ഏജന്‍സി ഗോഡൗണ്‍ ആയാണ് നിശ്ചയിച്ചിട്ടുള്ളത്. മുനിസിപ്പല്‍ പരിധിയില്‍ പൂര്‍ണമായും പഞ്ചായത്ത് പരിധിയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലും വിതരണം സൗജന്യമാണ്. അഞ്ചു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ദൂര പരിധിയില്‍ 33 രൂപ, 10 കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്ക് 43 രൂപ, 15 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍വരെ ദൂരപരിധി 50 രൂപ, 20 കിലോമീറ്ററിനു മുകളില്‍ ദൂരപരിധിക്ക് പരമാവധി 58 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ പാചകവാതക വിതരണ ഏജന്‍സികളും മേല്‍ നിശ്ചയിച്ച വിതരണ കൂലി ബില്ലില്‍ പ്രത്യേകമായി ചേര്‍ത്ത് നല്‍കേണ്ടതാണ്. നിശ്ചയിച്ച് നല്‍കുന്ന വിതരണ കൂലി എല്ലാ ഗ്യാസ് ഏജന്‍സികളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഏജന്‍സികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകളക്ടര്‍ ഉത്തരവില്‍ പറയുന്നു.
 

date