Skip to main content

നാണ്യവിള ജലസേചനം അടുത്ത ലക്ഷ്യം - മന്ത്രി റോഷി അഗസ്റ്റിന്‍

നെല്‍പ്പാടങ്ങളിലെ ജലസേചനത്തിന് പുറമെ നാണ്യവിളത്തോട്ട ങ്ങളിലേക്കുള്ള ജലസേചനമാണ് അടുത്ത ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുള്ളന്‍കൊല്ലിയില്‍ ജലജീവന്‍ മിഷന്‍ രണ്ടാംഘട്ട ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നാണ്യവിളകളില്‍ നിന്നും കൂടുതല്‍ വരുമാനം ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കും. 50 മുതല്‍ 60 വരെ കര്‍ഷകരെ ഒരു യൂണിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പാക്കുക.  കൃഷിക്ക് ജലസേന സൗകര്യം അത്യന്താപേക്ഷിതമാണ്. കൃഷിയിടങ്ങള്‍ നിലനിര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കും.  കൃഷിയിടങ്ങളിലെ ജലസേചനത്തിന് മുന്‍ഗണന നല്‍കും. ജലവിഭവ വകുപ്പിനെ കര്‍ഷകസൗഹൃദ വകുപ്പാക്കി മാറ്റും.  കാര്‍ഷിക മേഖലയെ ശാക്തീകരിക്കാനുള്ള വിവിധ പദ്ധതികള്‍ ജലവിഭവ വകുപ്പ് ആവിഷ്‌കരിച്ച് വരികയാണ്.

കൃഷിയിടങ്ങളില്‍ നിന്നുള്ള  ഉത്പാദന വര്‍ദ്ധനവിന് കര്‍ഷകര്‍ പ്രാധാന്യം നല്‍കണം. ശാസ്ത്രീയ കൃഷി രീതികള്‍   അവലംബിക്കണം. കാര്‍ഷിക മേഖലയുടെ പുനരുജീവിപ്പിക്കാന്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജലവിഭവ വകുപ്പ് സജ്ജമാണ്. ശുദ്ധജല ലഭ്യതയാകും വരുംതലമുറ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഭൂജലനിരപ്പ് അനുദിനം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.  കാവേരി ട്രൈബൂണല്‍ വിധി പ്രകാരം സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട വെളളം ഉപയോഗപ്പെടുത്താന്‍ സാധിക്കണം. സുതാര്യമായ രീതിയിലൂടെ മാത്രമെ കടമാന്‍തോട് അടക്കമുളള പദ്ധതികള്‍ തുടങ്ങുകയുള്ളൂവെന്നും  മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയന്‍, മേഴ്‌സി സാബു, ടി.എസ്. ദിലീപ് കുമാര്‍, ഷീല പുഞ്ചവയല്‍, ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ കെ. വിനോദന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.സി. ബിജു, കെ.ജെ. ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.

date