Skip to main content

കാപികോ റിസോര്‍ട്ട് പൊളിക്കല്‍; ജില്ലാ കലക്ടര്‍ പുരോഗതി വിലയിരുത്തി

ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആര്‍.ഇസഡ് നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന  കാപികോ റിസോര്‍ട്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച സന്ദര്‍ശിച്ചു. കാപികോ റിസോര്‍ട്ടിലെ 54 വില്ലകളില്‍ 34 വില്ലകള്‍ പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. 7 വില്ലകള്‍ ഭാഗികമായി പൊളിച്ചിട്ടുണ്ട്.  13 എണ്ണം പൊളിക്കാന്‍ അവശേഷിക്കുന്നു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ച് നീക്കേണ്ടതുണ്ട്. 

വായുമലിനീകരണം, ജലം മലിനീകരണം, ശബ്ദ സാന്ദ്രത എന്നിവയുടെ പരിശോധന പൊലൂഷന്‍ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.  നിലവില്‍ ആധുനിക ഉപകരണങ്ങളുപയോഗിച്ച് ബന്ധപ്പെട്ടവര്‍ ശബ്ദവും, വായു, ജലമലിനീകരണം എന്നിവയുടെ തോത് നിലവില്‍ അനുവദനീയമായ പരിധിക്കുളളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.  
മാര്‍ച്ച് 28 ന് മുമ്പ് റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. മാര്‍ച്ച് 20 കൊണ്ട് തന്നെ പൊളിച്ചു നീക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കി. നിലവില്‍ പൊളിച്ച അവശിഷ്ടങ്ങള്‍ മാര്‍ച്ച് ഒന്നോടെ സ്ഥലത്തുനിന്ന് നീക്കിത്തുടങ്ങും. 
കഴിഞ്ഞ സെപ്റ്റംബറിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ നടപടികള്‍ വേഗത്തിലായത്.   ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി എബ്രഹാം,  ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍ മനോജ്, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി ആര്‍ പ്രദീപ് കുമാര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് 
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനികാര്‍ കെ.ആര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

date