Skip to main content

പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ തനിമയും ചരിത്രവും ഉള്‍ക്കൊണ്ടും ഭരണഘടനയോടും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തോടും കൂറുപുലര്‍ത്തിക്കൊണ്ടും മാത്രമേ കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ പാതായ്ക്കര എ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നമുക്ക് വിയോജിപ്പുകളുണ്ട്. ആ വിയോജിപ്പുകള്‍ നാം അറിയിച്ചിട്ടുമുണ്ട്. നമ്മുടെ ചരിത്രവും സംസ്‌കാരവും മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പദ്ധതിയും നമുക്ക് സ്വീകാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു മതവിഭാഗത്തെയും വിഷമിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കും. മിക്സഡ് സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കും. എന്നാല്‍ യൂനിഫോമിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളേണ്ടത് പി.ടി.എയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.  
നജീബ് കാന്തപുരം എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. നവീകരിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ അംഗം വി. രമേശന്‍ സ്‌കൂള്‍ പത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ഡി.ഡി.ഇ കെ.പി രമേശ് കുമാര്‍, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, ഹെഡ് മാസ്റ്റര്‍ എ.പി. ഷിബു, മാനേജര്‍ സുനില്‍ ചെമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date