Skip to main content

ജില്ലാ വികസന സമിതി യോഗം: എടക്കാട് പി എച്ച്സി ഡയാലിസിസ് യൂണിറ്റ് ട്രയൽ റൺ മാർച്ച് 6 ന്

എടക്കാട് പി എച്ച്സിയിലെ ഡയാലിസിസ് യൂണിറ്റിൻ്റെ ട്രയൽ റൺ മാർച്ച് ആറിന് നടത്തും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യുടെ നിർദ്ദേശത്തിന്മേൽ കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചതാണിത്. സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20 ന് പൂർത്തീകരിച്ചതായും സെക്രട്ടറി അറിയിച്ചു.
ആലക്കോട് കപ്പണ കോളനിയിലെ കുടിവെള്ള പദ്ധതി പ്രവൃത്തികൾ ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കൊട്ടയോടിയിൽ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഭൂമിയും ഓപ്പൺ സ്റ്റേജും വിട്ട് നൽകുന്നതിനുള്ള ഫയൽ നിയമ വകുപ്പിൻ്റെ പരിഗണനയിലാണെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ അറിയിച്ചു.
റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകിയവരുടെ റവന്യൂരേഖകൾ യഥാസമയം ക്രമപ്പെടുത്തി നൽകണമെന്ന് ടി ഐ മധുസൂദനൻ എം എൽ എ നിർദ്ദേശിച്ചു. പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ നടത്തിപ്പിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
റീ ബിൽഡ് ഇനീഷ്യേറ്റീവിൻ്റെ ഭാഗമായുള്ള റോഡ് നിർമ്മാണ പ്രവൃത്തികളിന്മേൽ മേൽനോട്ടമുണ്ടാവണമെന്നും പേരാവൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണി ഉടൻ നടത്തണമെന്നും അഡ്വ സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.
മടക്കര -മാട്ടൂൽപാലം നിർമ്മാണ സമയത്ത് പുഴയിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയർ പാലം വിഭാഗം അറിയിച്ചു. എം വിജിൻ എം എൽ എ യുടെ നിർദ്ദേശാനുസരണമാണിത്. നിർത്തിവച്ചിരുന്ന ഇരിണാവ് - മടക്കര റോഡ് പ്രവൃത്തി ഫെബ്രുവരി 27ന് തുടങ്ങുമെന്നും വിജിൻ എം എൽ എ യുടെ നിർദ്ദേശത്തിന് മറുപടിയായി എക്സിക്യൂട്ടീവ് എഞ്ചിനിയർ പാലം വിഭാഗം അറിയിച്ചു.
കണ്ണൂർ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലത്തിൻ്റെ അപകടാവസ്ഥ കണക്കിലെടുത്ത് അറ്റകുറ്റപണികൾക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് കെ പി മോഹനൻ എം എൽ എ യുടെ  യോഗ നിർദേശത്തിന് മറുപടിയായി പാലം വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു. എം എൽ എ മാരായ ടി ഐ മധുസൂദനൻ , അഡ്വ സണ്ണി ജോസഫ്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതലയുള്ള ടി രാജേഷ്, എം പിമാരായ കെ മുരളീധരൻ, കെ സുധാകരൻ എന്നിവരുടെ പ്രതിനിധികൾ, എം എൽ എ മാരായ എം വി ഗോവിന്ദൻ, സജീവ് ജോസഫ്, എം വിജിൻ, കെ പി മോഹനൻ എന്നിവരുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date