Skip to main content

കോന്നി ഗവ. മെഡിക്കല്‍ കോളജിന് കെ.യു. ജനിഷ് കുമാര്‍ എംഎല്‍എ ബസ് കൈമാറി

കോന്നി ഗവ. മെഡിക്കല്‍ കോളജിലേക്ക് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍ എയുടെ ഫണ്ടില്‍ നിന്നും 24.5 ലക്ഷം രൂപ  വകയിരുത്തി അനുവദിച്ച കോളജ് ബസ്  മെഡിക്കല്‍ കോളജിന് സമര്‍പ്പിച്ചു. 2022-23 വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കല്‍ കോളജിന് ബസ് അനുവദിച്ചത്.
കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍  ഡോ. മിറിയം വര്‍ക്കിക്ക് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ താക്കോല്‍ കൈമാറി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷാജി, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
100 കുട്ടികള്‍ക്കാണ് ആദ്യ ബാച്ചായി ഈ അധ്യയന വര്‍ഷം കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചത്. കേരളത്തിനു പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നും അഞ്ചു കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കോളജ് ബസ് ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിനും കായിക പരിശീലനത്തിനായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, മറ്റ് ആവശ്യങ്ങള്‍ക്കും എത്തിച്ചേരനാവശ്യമായ സൗകര്യം ലഭിക്കും.
 

date