Skip to main content

സമ്പൂര്‍ണ ശുചിത്വം: ജില്ലാ പഞ്ചായത്തിന്റെ ത്രിദിന ശില്‍പ്പശാല ചരല്‍ക്കുന്നില്‍ ഫെബ്രുവരി 21 മുതല്‍

** ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
** തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യസന്ദേശം നല്‍കും
** ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക ലക്ഷ്യം

ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് ചരല്‍ക്കുന്നില്‍ ഫെബ്രുവരി 21, 22, 23 തീയതികളില്‍ ശില്‍പ്പശാല നടക്കും. ജില്ലാ പഞ്ചായത്ത്, കില, നവകേരളം കര്‍മപദ്ധതി, എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. 21ന് രാവിലെ 10ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യസന്ദേശം നല്‍കും. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതിയുടെ നിര്‍വഹണത്തെപ്പറ്റി വിശദമായ പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത്/ നഗരസഭ അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
21ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ മാലിന്യ സംസ്‌കരണ അവസ്ഥ, വൃത്തിയുള്ള കേരളം, കിച്ചന്‍ ബിന്നും തുമ്പൂര്‍മൂഴി മോഡലും, സീറോ വേസ്റ്റ് പരിപാടി, റിപ്പയര്‍ ഷോപ്പ്-ഹരിയാലി, ധനവിഭവ സാധ്യതകള്‍, അജൈവ മാലിന്യ സംസ്‌കരണം, ക്ലീന്‍ കേരള കമ്പനിയുടെ സാധ്യതകള്‍, ഹരിതമിത്രം സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പൊതുഅവതരണം നടക്കും.
22ന് രാവിലെ ഒന്‍പതു മുതല്‍ വിവിധ വിഷയങ്ങളുടെ അവതരണം. ഉച്ചകഴിഞ്ഞ് 2.30ന് പ്ലീനറി സമ്മേളനത്തില്‍ കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ പങ്കെടുക്കും. വൈകുന്നേരം 3.30ന് ഗ്രൂപ്പ് ചര്‍ച്ച. 23ന് രാവിലെ ഒന്‍പതു മുതല്‍ വിവിധ ഗ്രൂപ്പുകളുടെ അവതരണം. 11.30ന് ബ്ലോക്ക്/നഗരസഭാതല പരിപാടി തയാറാക്കല്‍. ഉച്ചയ്ക്ക് 12ന് ബ്ലോക്ക് പ്രസിഡന്റ്/ നഗരസഭാ ചെയര്‍മാന്മാര്‍ എന്നിവരുടെ അവതരണം. വൈകുന്നേരം മൂന്നിന് ഏകോപനം മുന്‍ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. 3.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനത്തില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ ബാലഭാസ്‌കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date