Skip to main content

ഭിന്നശേഷി അവകാശ നിയമം 2016: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം 17ന്

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലെയും സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ മേനോന്‍ നന്ദി പറയും. ഉച്ചയ്ക്ക് 12 മുതല്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടക്കും.
2016ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ നിയമത്തിലുള്ള അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഏറെ സഹായകമാകും.
 

date