Skip to main content

ആർജിത നേട്ടങ്ങൾ നിലനിർത്താൻ കേരളം പരിശ്രമിക്കുന്നു: മന്ത്രി പി രാജീവ്

പൊതു ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജിച്ച നേട്ടം സാമ്പത്തികമായ പരിമിതികൾക്കിടയിലും സംരക്ഷിച്ച് നിലനിർത്താനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് അർഹമായ വിഹിതം പോലും കിട്ടാത്ത നിലയാണുള്ളത്. നാം ആർജിച്ച നേട്ടങ്ങളുടെ പേര് പറഞ്ഞ് കേരളത്തിനുള്ള
സഹായങ്ങൾ തടയുന്നു. സംസ്ഥാനമാർജിച്ച നേട്ടങ്ങളെ പ്രശംസിക്കാതിരിക്കാൻ കഴിയാത്ത നിലയുള്ളതുകൊണ്ടാണ് പലരും പ്രശംസിക്കുന്നത്. ആ നേട്ടങ്ങൾ സംരക്ഷിച്ച് നിലനിർത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം-മന്ത്രി പറഞ്ഞു. പൊതു കെട്ടിടങ്ങൾ ശുചിയായി സൂക്ഷിക്കാനുള്ള ബാധ്യത ജനങ്ങൾക്കുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം ശുചിത്വബോധവും കുട്ടികളിൽ വളർത്താനുള്ള നടപടികൾ  ഉണ്ടാവണം-മന്ത്രി പറഞ്ഞു.
പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ എം എൽ എ അധ്യക്ഷത വഹിച്ചു. സ്‌കൂളിന് സൗജന്യമായി സ്ഥലം നൽകിയ അഡ്വ. പി സി ചാക്കോയെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ആദരിച്ചു. സ്‌കൂളിന്റെ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ കെ കെ ദാസൻ മാസ്റ്റർ. സർവീസിൽ നിന്ന് വിരമിക്കുന്ന കെ കെ പ്രീത ടീച്ചർ, പി ഡി ഷൈല ടീച്ചർ, മനോജ് മാണിക്കോത്ത് എന്നിവരെ മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി ആദരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇ സനിത റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം വി ഗീത, മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടൻ ജനാർദ്ദനൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രേഷ്മ സജീവൻ, വാർഡംഗം ശ്രീജ മേപ്പാടൻ, മട്ടന്നൂർ എ ഇ ഒ വി വി ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ കെ പി പ്രദീപൻ, മട്ടന്നൂർ ബിപിസി ജയതിലകൻ, പി ടി എ പ്രസിഡണ്ട് ശിവപ്രസാദ് പാറാലി, സ്റ്റാഫ് സെക്രട്ടറി ഒ റഷീദ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date