Skip to main content
.

ലോക ജലദിനം ഉദ്ഘാടനത്തിനൊരുങ്ങി 83 കുളങ്ങള്‍

 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിര്‍മ്മിച്ച കുളങ്ങള്‍ ഇന്ന് (22) ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച  83 കുളങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. 2000 കുളങ്ങളാണ് സംസ്ഥാനമൊട്ടാകെ നിര്‍മ്മിക്കുന്നത്.
 ഭൂപ്രകൃതി വ്യത്യാസത്തിനനുസരിച്ച് കുളങ്ങളുടെ വിസ്തൃതിയില്‍ മാറ്റങ്ങളുണ്ടായിരിക്കും. വേനല്‍ കനത്തതോടെ പ്രതികൂലസാഹചര്യത്തിലും തൊഴിലുറപ്പ് തൊഴിലാളികളുടെ അശ്രാന്തപരിശ്രമം പദ്ധതിക്ക്  മുതല്‍കൂട്ടായി. കയര്‍ ഭൂവസ്ത്രം വിരിച്ച കുളങ്ങളുമായി കുമളി ഗ്രാമപഞ്ചായത്തും, മത്സ്യം വളര്‍ത്തുന്നതിനായി ഫിഷറീസ് വകുപ്പുമായി സംയോജിപ്പിച്ച് നിര്‍മ്മിച്ച് കുളങ്ങളുമായി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു.
    സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കുന്നതിനും, കൃഷിക്ക് വേണ്ട ജലത്തിന്റെ ആവശ്യകതയും, ഭൂഗര്‍ഭ ജലനിരപ്പിന്റെ വര്‍ദ്ധനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 1000 കുളങ്ങള്‍ ലോകജലദിനമായ ഇന്ന് ( 22) നാടിനായി സമര്‍പ്പിക്കും. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാരും, പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരും, മറ്റു ജനപ്രതിനിധികളും  ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.

ചിത്രം-  കുമളി ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കയര്‍ ഭൂവസ്ത്രം വിരിച്ച കുളം

date