Skip to main content

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി നാദാപുരം പഞ്ചായത്ത് ബജറ്റ്

 

അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിർമ്മാണ മേഖലയ്ക്കും പ്രാധാന്യം നൽകി നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ജെന്റർ ബജറ്റ്. റോഡ് വികസനത്തിന് 12.13 കോടിയും, ഭവന നിർമ്മാണത്തിന് 4.8 കോടി രൂപയും ബജറ്റിൽ നീക്കി വച്ചു. ദാരിദ്രനിർമ്മാണം, ആഭ്യന്തര ഉൽപാദനക്ഷമത വർദ്ധിപ്പിക്കൽ എന്നിവ ലക്ഷ്യം വെക്കുന്ന ബജറ്റിൽ മൃഗപരിപാലന-ക്ഷീര വികസന മേഖലകൾക്ക് 5.10 കോടിയും നീക്കി വച്ചിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ടാണ് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. 59,49,68,359 രൂപ വരവും 56,89,44,666 രൂപ ചെലവും 2,60,23,693 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. റഫറൻസ് ലൈബ്രറി നിർമ്മാണത്തിന് 80 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 18 കോടി, നീർത്തട പരിപാലന പദ്ധതിക്ക് ഒരുകോടി 80 ലക്ഷം, സമഗ്ര കൃഷി വികസനത്തിന് 61 ലക്ഷം, ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് 81 ലക്ഷം, ഭവന നിർമ്മാണം, വീട് വാസയോഗ്യമാക്കൽ എന്നിവക്ക് നാലുകോടി 50 ലക്ഷം,  കല്ലാച്ചി ടൗൺ ടാക്സി സ്റ്റാൻഡ് സ്ഥലത്തിന് 25 ലക്ഷം, നൈപുണ്യ വികസനമേളക്ക് 7 ലക്ഷം,  തടക്കൂൽ താഴെ പുഴയോരം കളിക്കളത്തിന് 56 ലക്ഷം, പാലിയേറ്റീവ് കെയറിന് 14 ലക്ഷം എന്നിങ്ങനെ ബജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.

2022 -23 വർഷത്തെ ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ കെട്ടിട നികുതി, തൊഴിൽ നികുതി, നികുതിയേതര വരുമാനം എന്നീ മേഖലകളിൽ വരുമാന വർദ്ധനവ് നടപ്പ് വർഷം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബജറ്റ് അവതരണത്തിൽ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date