Skip to main content

പകർച്ചവ്യാധി പ്രതിരോധ യജ്ഞം: ശില്പശാല നടത്തി

 

നാദാപുരം ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ യജ്ഞം വാർഡ് തല പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ശില്പശാല ഉദ്ഘാടനം ചെയ്തു.

ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി മഴ എത്തുന്നതിനു മുൻപ് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും  മനുഷ്യ ഡ്രോണുകൾ എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ച് മാലിന്യ സംസ്കരണത്തെക്കുറിച്ച്  ബോധവൽക്കരണം നടത്തും.
പൊതു ശുചീകരണം, കൊതുക് നിർമ്മാർജ്ജനം, വാർഡ് തലത്തിൽ ഹരിത കർമ്മ സേനയുടെ സമ്പൂർണ കവറേജ് ,ഹോട്ട്സ്പോട്ട് കണ്ടെത്തൽ, വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ പ്രദേശമാക്കി മാറ്റൽ, ജലസ്രോതസ്സുകളുടെ മലിനീകരണം തടയൽ എന്നിവക്കായി പദ്ധതികൾ വാർഡ് തലത്തിൽ രൂപികരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഇതിനായി വാർഡ് തല സാനിറ്റേഷൻ  ക്ലസ്റ്റർ കമ്മിറ്റി യോഗം ഉടൻ ചേരാൻ ശില്പശാലയിൽ തീരുമാനമായി. പ്രവർത്തനങ്ങൾ പരിശോധിക്കാൻ സാമൂഹ്യ വിലയിരുത്തൽ സമിതിയും ഉണ്ടാക്കും. പഞ്ചായത്ത് ഹാളിൽ നടന്ന  ശിൽപ്പശാലയിൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.  ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ രൂപരേഖയും കരട് വാർഡ് തല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപവും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ജമീല, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ അവതരിപ്പിച്ചു .

സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസർ, എം.സി സുബൈർ, മെമ്പർമാരായ പി.പി ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കുഞ്ഞുമുഹമ്മദ്, പ്രീജിത്ത്, പ്രസാദ് എന്നിവർ സംസാരിച്ചു.

date