Skip to main content

വന്ധ്യത ചികിത്സ പദ്ധതി ബോധവല്‍ക്കരണ സെമിനാറും സൗജന്യ സ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

ആയുഷ്‌ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യത ചികിത്സ പദ്ധതി ജനനിയെക്കുറിച്ചുളള ബോധവല്‍ക്കരണ സെമിനാറും സൗജന്യസ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലൊട്ടാകെ 2500 ല്‍പ്പരം കുഞ്ഞുങ്ങള്‍ക് ജന്മം നല്‍കാന്‍ സാധിച്ച ജനനി പദ്ധതി തൊടുപുഴയില്‍ മികച്ച രീതിയില്‍ സജീവമാക്കണമെന്നും അതോടൊപ്പം വന്ധ്യത അനുഭവിക്കുന്ന ദമ്പതികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഹോമിയോപ്പതി വന്ധ്യത ചികിത്സ നല്‍കാനുമുളള ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. ജനനി ഹോമിയോപ്പതി വന്ധ്യതചികിത്സ പദ്ധതി ജനശ്രദ്ധ നേടുന്നതില്‍ അഭിമാനമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. പൊതുഭരണ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്്‌സണ്‍ ബിന്ദു പത്മകുമാര്‍ ആദ്ധ്യക്ഷം വഹിച്ചു.
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നൗഷാദ് എം.എസ് മുഖ്യാതിഥിയായിരുന്നു. ജനനി പദ്ധതി കണ്‍വീനര്‍ ഡോ. രമ്യഎം.സി പദ്ധതി വിശദീകരണം നിര്‍വഹിച്ചു. ചീഫ് മെഡിക്കല്‍ ഡോ. സിന്‍സണ്‍ ജോസഫ് ഹോമിയോപ്പതി വന്ധ്യതചികിത്സയെക്കുറിച്ച് ക്ലാസെടുത്തു. പങ്കെടുത്തവര്‍ക്ക് സംശയ നിവാരണത്തിനുള്ള സൗകര്യവും ക്യാമ്പിലേര്‍പ്പെടുത്തിയിരുന്നു. സ്‌ക്രീനിംഗ് ക്യാമ്പില്‍ അന്‍പതോളം പേര്‍ പങ്കെടുത്തു. തുടര്‍ചികിത്സ ആവശ്യമുളളവര്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ വരാനും ക്യാമ്പില്‍ നിര്‍ദ്ദേശിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കവിതവേണു സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുട്ടം ഹോമിയോ ആശുപത്രിസൂപ്രണ്ട് ഡോ. വികാസ് വിജയന്‍ കൃതഞ്ജത രേഖപ്പെടുത്തി.

date