Skip to main content
ജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡി.ഡി.എം.സി-ദിശ) യുടെ അവലോകന യോഗം

ദിശാ യോഗം ചേര്‍ന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 4516723 തൊഴില്‍ ദിനങ്ങളും 16873 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങളും നല്‍കി

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡി.ഡി.എം.സി-ദിശ) യുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ അധ്യക്ഷതയില്‍ നടന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 4516723 തൊഴില്‍ ദിനങ്ങളും 16873 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങളും നല്‍കി.

ജല സംരക്ഷണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കണ്ടെത്തിയ 44 കുളങ്ങളില്‍ 13 എണ്ണത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുമായി ബന്ധപ്പെട്ട്് ജില്ലയില്‍ 42 കുളങ്ങളുടെ നിര്‍മാണവും  തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതിയില്‍പ്പെടുത്തി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്‌സറികളില്‍ തൈകളാക്കി നട്ട് പരിപാലിക്കും. നീരുറവ് പദ്ധതി രണ്ടാംഘട്ടത്തില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ പരപ്പ നീര്‍ത്തടത്തിലെ നീര്‍ച്ചാലുകളിലും വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികളുടെ സമഗ്ര പദ്ധതിരേഖ ജില്ലാ പഞ്ചായത്തില്‍ നല്‍കി അനുമതി വാങ്ങി പദ്ധതികള്‍ ഏറ്റെടുത്തു വരുന്നു. ഓരോ ബ്ലോക്കിലും ഓരോ നീര്‍ത്തടങ്ങള്‍ വീതം തെരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു. അവിദഗ്ധ തൊഴിലാളികളെ വിദഗ്ധ തൊഴിലാളിയായി മാറ്റുന്നതിലേക്ക് മികവ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പരപ്പ ബ്ലോക്കിലെ കിനാനൂര്‍ -കരിന്തളം, കോടോം-ബേളൂര്‍, കാറഡുക്ക ബ്ലോക്കിലെ കാറഡുക്ക, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകളിലെ 30 പേരെ തെരഞ്ഞെടുത്ത് പരിശീലനം ആരംഭിച്ചു. കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക്, കോഴിക്കൂട്, ആട്ടിന്‍കൂട് തൊഴുത്ത് എന്നീ പ്രവൃത്തികളിലാണ് പരിശീലനം.

പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരം 116 റോഡുകള്‍ക്ക് ജില്ലയില്‍ ഇതുവരെ അനുമതി ലഭിച്ചിട്ടുണ്ട്. അതില്‍ 101 എണ്ണം പൂര്‍ത്തീകരിച്ചു. 7 റോഡുകളുടെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. പി.എം.എ.വൈ (ജി) പദ്ധതിയില്‍ ആവാസ് പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 700 വീടുകള്‍ അനുവദിച്ചിരുന്നു. ഇതില്‍ 668 വീടുകളുടെ നിര്‍മാണം നടന്നു വരികയാണ്. 153 വീടുകള്‍ പൂര്‍ത്തീകരിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദായിക പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം മുഖേന 188 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 172 അപേക്ഷകള്‍ വിവിധ സ്ഥാപനങ്ങളിലേക്ക് അയച്ചു. 103 അപേക്ഷകള്‍ ബാങ്ക് അംഗീകരിക്കുകയും 46 അപേക്ഷകള്‍ തിരിച്ചയക്കുകയും ചെയ്തു. 31 അപേക്ഷകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ തുടരുന്നു. പഞ്ചായത്തുകളില്‍ മറ്റു സംസ്ഥാനാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നതായി യോഗം വിലയിരുത്തി. നിലവില്‍ ഉള്ള പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള മാനദണ്ഢങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും, പൂര്‍ത്തിയായ പദ്ധതികള്‍ സമയബന്ധിതമായി തുറന്നു കൊടുക്കുവാനും യോഗം നിര്‍ദേശിച്ചു. ജില്ലാ ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നു വരുമ്പോഴും മംഗല്‍പാടി പഞ്ചായത്തിലെ  മാലിന്യ പ്രശ്‌നത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ദിശ മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, പ്രോജക്ട് ഡയറക്ടര്‍ (പി.എ.യു) കെ.പ്രദീപന്‍ സംസാരിച്ചു. ജില്ലാതല ഓഫീസര്‍മാര്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവതരിപ്പിച്ചു.  ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, മഞ്ചേശ്വരം എം.എല്‍.എയുടെ പ്രതിനിധി കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു.

date