Skip to main content

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

  വികസനക്ഷേമ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ്. 40.35 കോടി രൂപ ആകെ വരവും 40.35 കോടി രൂപ ചെലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്  ജെ. ഇന്ദിരാ ദേവി നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ ബജറ്റ് അവതരിപ്പിച്ചു.
സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, കുടിവെള്ള മേഖലകള്‍ക്ക്  മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വരുമാനദായക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കാര്‍ഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മിനിഡയറി ഫാമുകളുടെ ആധുനികവത്ക്കരണത്തിനും സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്കും വീടിനോട് ചേര്‍ന്ന് കടമുറി പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്ക് 20 ലക്ഷം രൂപയും ശുചിത്വ മേഖലയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മാണത്തിനും പട്ടികജാതി വിഭാഗ വികസനത്തിനും ഒരു കോടി 53 ലക്ഷം രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.  ലഭ്യമായ വരുമാന സ്രോതസുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ സ്രോതസുകള്‍ കണ്ടെത്തിയുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയതായി വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ  അറിയിച്ചു.
     (പിഎന്‍പി 925/23)

date