Skip to main content
ഫോട്ടോ അടിക്കുറിപ്പ്- ഡെപ്യുട്ടി സ്പീക്കര്‍ 23- മാലിന്യ സംസ്‌കരണം, മഴക്കാല പൂര്‍വ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

മാലിന്യ സംസ്‌കരണത്തിനായി നാം ഒറ്റമനസോടെ മുന്നോട്ട് വരണം: ഡെപ്യൂട്ടി സ്പീക്കര്‍

 മാലിന്യ സംസ്‌കരണത്തിനായി നാം ഒറ്റമനസോടെ മുന്നോട്ട് വരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം മഴക്കാല പൂര്‍വ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി ജില്ല ഒട്ടാകെ  സംഘടിപ്പിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. മഴയ്ക്ക് മുമ്പേ നാടിനെ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് പരിശീലനം. ഉറവിട മാലിന്യസംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസുകളുടെ ശുചീകരണം തുടങ്ങിയവയും മാലിന്യസംസ്്കരണ കാമ്പയിന്റെ  ഭാഗമായി നടപ്പാക്കും.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യ സന്ദേശം നല്‍കി.  ജോയിന്റ് ഡയറക്ടര്‍ ജോണ്‍സന്‍ പ്രേംകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസീ റഹ്മാന്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ദിലീപ്, കില ഫാക്കല്‍റ്റി ഡോ. അമൃതരാജ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

date