Skip to main content

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

ഉല്‍പാദന മേഖല ,ലൈഫ് ഭവന പദ്ധതി, ആരോഗ്യ മേഖല, കുടിവെള്ളം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.എ ജമീലബീവി ബജറ്റ് അവതരിപ്പിച്ചു.7,54,88,360 രൂപ പ്രതീക്ഷിത വരവും, 7,45,46,457 രൂപയുടെ ചെലവും, 41,57,508 രൂപ നീക്കിയിരിപ്പുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഉല്പാദന മേഖലയില്‍ 1.25 കോടി രൂപയും, വഴിവിളക്ക്  വൈദ്യുതലൈന്‍ നീട്ടുന്നതിനായി അഞ്ച് ലക്ഷം , റോഡ് പുനരുദ്ധാരണത്തിനായി 65 ലക്ഷം , റോഡിതര പുനരുദ്ധാരണത്തിനായി 52 ലക്ഷം , റോഡ് വികസനത്തിനായി 30 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിക ജാതി പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതിവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്‌സിഡിയായി 2.50 കോടി രൂപയും, അതി ദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രണ്ട് ലക്ഷം , പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ പരിപാലനത്തിനായി ഒരു ലക്ഷം , പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം , വാതില്‍പ്പടി സേവനങ്ങള്‍ക്കായി ഒരുലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയ്ക്കായി 1.5 കോടി , മാലിന്യ സംസ്‌കരണത്തിന് 15 ലക്ഷം , കുടിവെള്ളത്തിനായി 20 ലക്ഷം , വയോജനങ്ങള്‍ക്ക് 10 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 ലക്ഷം , ടൂറിസം പദ്ധതിക്കായി 5 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ കരുണാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോളി ജോസഫ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ്തി ദാമോദരന്‍, മെമ്പര്‍മാരായ അഞ്ചു സദാനന്ദന്‍, അഖില്‍ എസ് നായര്‍ , കെ പി അജ്ഞലി, ജെസീലാ സിറാജ്, നീന മാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പന്‍ , സി ആര്‍ വിജയമ്മ,പഞ്ചായത്ത് സെക്രട്ടറി ബിന്ദു എ ജോയി എന്നിവര്‍ പങ്കെടുത്തു.      
     (പിഎന്‍പി 937/23)

date