Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചിത്വ, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തമാസം നാലിന് ശില്‍പശാല സംഘടിപ്പിക്കും. ശുചിത്വമിഷന്‍ ഡയറക്ടര്‍, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും. എല്ലാ പഞ്ചായത്ത് അധ്യക്ഷന്മാരും സെക്രട്ടറിമാരും ശില്‍പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം തെക്കേക്കര, ഇലന്തൂര്‍, കുളനട, മൈലപ്ര, പ്രമാടം, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, വള്ളിക്കോട്, കോഴഞ്ചേരി, ചിറ്റാര്‍, റാന്നി പെരുനാട്, വെച്ചൂച്ചിറ, റാന്നി, ഏഴംകുളം, കൊറ്റനാട്, നിരണം, നാരങ്ങാനം, മെഴുവേലി, സീതത്തോട്, പെരിങ്ങര, വടശേരിക്കര, നാറാണംമൂഴി, ചെന്നീര്‍ക്കര, ആറന്മുള, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പറക്കോട്, പന്തളം, കോന്നി, മല്ലപ്പള്ളി, റാന്നി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും, പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെയും 2023- 24 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. കൂടാതെ, പത്തനംതിട്ട നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും ജില്ലാആസൂത്രണ സമിതി അംഗീകാരം നല്‍കി.
ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

date