Skip to main content
ചേര്‍ത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചേര്‍ത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മേഖല ശക്തിപ്പെടുത്തും- മുഖ്യമന്ത്രി പിണറായി വിജയന്‍.

 സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മേഖല ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദ്രോത്പന്ന കയറ്റുമതി കേരളത്തെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണെന്നും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചേര്‍ത്തല പള്ളിപ്പുറത്ത് ആരംഭിച്ച മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സഹ ഉദ്ഘാടകന്‍ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാര്‍ പരസിന്റെ വിഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. 
 
ഭക്ഷ്യോത്പാദന മേഖലയെ കേവലം പ്രാഥമിക ഉത്പന്നങ്ങളിലേക്കു ചുരുക്കാതെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി മേഖലയില്‍ പുരോഗതി കൈവരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യോത്പന്ന സംസ്‌കരണ മേഖലയിലും കയറ്റുമതിരംഗത്തും കേരളത്തിന്റെ മുന്നേറ്റത്തിനു കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫുഡ് പാര്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ആയിരം കോടിയിലധികം രൂപയുടെ നിക്ഷേപവും മൂവായിരത്തോളം തൊഴിലവസരങ്ങളും ഉറപ്പാകും. രാജ്യത്തിന്റെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ സംഭാവന 14 ശതമാനത്തോളമാണ്. മത്സ്യബന്ധനത്തില്‍ മുന്നില്‍ നില്‍ക്കുന്ന നോര്‍വേ പോലുള്ള രാജ്യങ്ങളുടെ മാതൃകയില്‍ മത്സ്യബന്ധന രീതി ശാസ്ത്രീയമായി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗിമിക്കുകയാണ്. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ലബോറട്ടറികള്‍ സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങളിലും ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ ഭക്ഷ്യോത്പന്ന സംസ്‌കരണമേഖലയില്‍ വലിയ ചുവടുവെപ്പാണ് കെ.എസ്.എഫ്.ഡി.സി.യുടെ നേതൃത്വത്തിലുള്ള മെഗാ ഫുഡ് പാര്‍ക്കെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി പശുപത്രി കുമാര്‍ പരസ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ദലീമ ജോജോ എം.എല്‍.എ., വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് സുധീഷ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ബിജു, പള്ളിപ്പുറം പഞ്ചായത്ത് അംഗം നൈസി ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയാണ് ഭക്ഷ്യസംസ്‌കരണ രംഗമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം നടപ്പാക്കിയ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 23,474 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി 1342.72 കോടി രൂപയുടെ നിക്ഷേപവും 58,397 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിച്ച മെഗാഫുഡ് പാര്‍ക്കിന്റെ പദ്ധതി അടങ്കല്‍ തുക 128.49 കോടി രൂപയാണ്. ചേര്‍ത്തല പള്ളിപ്പുറത്തെ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ കേന്ദ്രത്തില്‍ 84.05 ഏക്കറില്‍ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാര്‍ക്ക് സ്ഥാപിച്ചത്.

date