Skip to main content
ഫോട്ടോ-മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസ് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ 30 ദിവസത്തിനകം മറുപടി അറിയിക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

 

ഗ്രാമപഞ്ചായത്ത് ഉന്നയിച്ച വിഷയങ്ങളില്‍ 30 ദിവസത്തിനകം വിഷയത്തില്‍ എന്ത് ചെയ്യും എന്നത് സംബന്ധിച്ച് വിഷയം ഉന്നയിച്ച ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരെയും വനംവന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസിനെയും അറിയിക്കണമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രയാസമുള്ളത് 30 ദിവസത്തിനകം അല്ലാത്ത വിഷയങ്ങളില്‍ 15 ദിവസത്തിനകത്തുമാണ് മറുപടി നല്‍കേണ്ടത്. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പിനെ ജനകീയമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വന സൗഹൃദ സദസുകള്‍ സംഘടിപ്പിക്കുന്നത്. കാടിനെ കാക്കുക നാടിനെ കേള്‍ക്കുക എന്നതാണ് നയം. ഇത് ജനങ്ങളില്‍ എത്തിക്കാനാണ് വനസദസിലൂടെ ശ്രമിക്കുന്നത്. കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങളെ വനസദസിലൂടെ കേള്‍ക്കുന്നുണ്ട്. കാടിനെയും മനുഷ്യരെയും ഒന്നുപോലെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കുന്നത് ആത്യന്തികമായി മനുഷ്യരാശിക്ക് വേണ്ടിയാണ്. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണെന്നും അദ്ദേഹം പറഞ്ഞു.
 

മണ്ണാര്‍ക്കാട് മേഖലയില്‍ 72 കി.മീ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കും

വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയില്‍ 2023-24 വര്‍ഷത്തില്‍ 72 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കും. 14 കി.മീ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കും. മുക്കാലി സൈലന്റ് വാലി റോഡ് നിര്‍മ്മാണത്തിന് 11.5 കോടി രൂപ അനുവദിക്കും. വനാവകാശ നിയമപ്രകാരം ഉള്ള കൈവശാവകാശ രേഖകള്‍ 20 പേര്‍ക്ക് കൈമാറി. മൂന്ന് വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിനായി തുക അനുവദിക്കും. എട്ട് പേര്‍ക്ക് വനം വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ക്കും തുടക്കമിട്ടു. നഷ്ടപരിഹാരം അനുവദിക്കുന്നതിന് വേണ്ടി മണ്ണാര്‍ക്കാട് മലമ്പുഴ മേഖലകളില്‍ 1.63 കോടി രൂപ നീക്കിവെച്ചു. ആകെ 3.64 കോടി രൂപയാണ് ഈ വര്‍ഷം നഷ്ടപരിഹാരമായി നല്‍കുക. 401 മരം മുറിക്കാനുള്ള അപേക്ഷകളില്‍ 305 എണ്ണം തീര്‍പ്പാക്കി. റോഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ലഭിച്ച 82 അപേക്ഷകളില്‍ 72 എണ്ണം തീര്‍പ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
 

500 പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിയമനം

വനം വകുപ്പിന്റെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തിയില്‍ താമസിക്കുന്ന 500 പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ ജോലി നല്‍കും. ഇതില്‍ 60 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്. ഇതില്‍ 20 പേര്‍ മണ്ണാര്‍ക്കാട് നിന്നാണെന്നും മന്ത്രി പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്. സര്‍ക്കാറിന്റെ നിലപാട് കോടതി അംഗീകരിക്കുമെന്നാണ് കരുതുന്നത്. വന്യജീവി ആക്രമണത്തിലെ കൃഷിനാശം നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാനുള്ള ആലോചനയിലാണ്. ലഭിക്കുന്ന അപേക്ഷകളില്‍ കൃത്യമായ തീരുമാനം ഉണ്ടാവണം. അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. അരിക്കൊമ്പനെ പാലക്കാട് എത്തിക്കുന്നതില്‍ പറമ്പിക്കുളത്തുകാര്‍ക്കുള്ള വികാരം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ പ്രവര്‍ത്തനം ജനകീയമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭിച്ചു;

19.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 36 എണ്ണം മണ്ണാര്‍ക്കാട് ഡിവിഷനിലും 11 എണ്ണം പാലക്കാട് ഡിവിഷനിലുമാണ്.
വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നിവ സംഭവിച്ച 26 പേര്‍ക്ക് 19.52 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തിയിലുള്ള സ്വകാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രവും മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു. വനവകാശ നിയമം വികസന അവകാശ വിതരണം ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കി. വന സംരക്ഷണ സമിതികള്‍ക്കുള്ള സാമ്പത്തിക സഹായവിതരണം വാദ്ധ്യാര്‍ചള്ള അങ്കണവാടി കെട്ടിടം, വേലന്‍ഞ്ചേരി അങ്കണവാടി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിനും നടുപ്പതി ആദിവാസി കോളനിയില്‍ അനര്‍ട്ട് മുഖേന സൗരോര്‍ജ്ജവത്ക്കരണം നടത്തിയതിനും വിതരണം ചെയ്തു. 8.71 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയ്ക്കുള്ള വാഹനം കൈമാറല്‍ ചടങ്ങും നടന്നു.
വനസൗഹൃദ സദസിന് മുന്നോടിയായി നടന്ന വന സൗഹൃദ ചര്‍ച്ചയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും ഉന്നയിച്ചു. മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളില്‍ 15 ദിവസത്തിനകം തീരുമാനം അറിയിക്കും. 30 ദിവസത്തിനുള്ളില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ എന്ത് പരിഹാരം സാധ്യമാവും എന്ന് പരിശോധിച്ച് വേണ്ട തീരുമാനം നല്‍കുമെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് രവീന്ദ്രന്‍ മറുപടി നല്‍കി.
പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം ജില്ലാ കലക്ടറുടെ സന്ദേശം അറിയിച്ചു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അഗളി, അലനല്ലൂര്‍, കോട്ടോപാടം, പുതൂര്‍, ഷോളയൂര്‍, തെങ്കര, അകത്തേത്തറ, മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയനന്ദന്‍, ഉത്തര മേഖല വന്യജീവിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ പി. മുഹമ്മദ് ഷബാബ് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date