Skip to main content
.

ദേശീയപാത വികസനം: അവലോകന യോഗം ചേര്‍ന്നു

ഇടുക്കി ജില്ലയിലെ ദേശീയപാത വികസനം സംബന്ധിച്ച അവലോകന യോഗം ഡീന്‍ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അടിമാലി-കുമളി ദേശീയപാത 185 ന്റെ അലൈന്‍മെന്റ് കല്ലിടുന്ന പ്രവൃത്തി മെയ് 15 ന് മുമ്പ് ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പാതയുടെ പുതുക്കിയ ത്രീ എ ഡ്രാഫ്റ്റ് പ്രൊപ്പോസലും അലൈന്‍മെന്റ് സ്‌കെച്ചും ഒരാഴ്ചക്കകം നല്‍കണമെന്ന് ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്‍.എ ഓഫീസിന് വാഹനം വാടകക്കെടുക്കുന്നതിനുള്ള ഫണ്ട്, കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചറുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കി. ഭൂമി ഏറ്റെടുക്കലിന് നിലവിലുള്ള ജീവനക്കാര്‍ മതിയാകാത്തതിനാല്‍ വിരമിച്ച വിദഗ്ധരായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു. ദേശീയപാത 183 കുമളി-മുണ്ടക്കയം റോഡിന്റെ നോട്ടിഫിക്കേഷന്‍ പത്രങ്ങളില്‍ ഒരാഴ്ച്ചക്കകം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) മനോജ് കെ, തഹസില്‍ദാര്‍ ജോളി പി മാത്യു, ദേശീയപാത എല്‍.എ. ജെ.എസ്. വി. ശൈലജന്‍, അസി. എന്‍ജിനീയര്‍ നിഖില്‍ കെ. ബേബി, ദേശീയപാതാ മൂവാറ്റുപുഴ സെക്ഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ലതാമങ്കേഷ്, ദേവികുളം അസി. എന്‍ജിനീയര്‍മാരായ അര്‍ജുന്‍ രാജ് കെ, അനില ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഇടുക്കി ജില്ലയിലെ ദേശീയപാത വികസനം സംബന്ധിച്ച അവലോകന യോഗം

date