Skip to main content

തീപിടിത്തം തടയാന്‍ മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ നിര്‍ദേശം

ചൂട് കൂടുന്ന സാഹചര്യത്തില്‍ തീപിടിത്തം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. തീപിടിത്തം തടയുന്നതിന് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വ്യവസായശാലകളില്‍ തീപിടിത്തം തടയുന്നതിന് ഫയര്‍ മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം നടപടികള്‍ സ്വീകരിക്കണം.

അഗ്നിബാധ തടയാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അവബോധം നല്‍കുന്നതിനും തീരുമാനിച്ചു.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം ഇവയാണ്:
*ഗുണമേന്‍മയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍, സ്വിച്ചുകള്‍, ഫ്യൂസ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കൊണ്ടുള്ള തീപിടിത്തം ചെറുക്കും. കെട്ടിടങ്ങളുടെ എര്‍ത്തിങ് സംവിധാനം കുറ്റമറ്റാതാണെന്ന് ഉറപ്പാക്കണം.
*പതിവായി ഇലക്ട്രിക്കല്‍ കണക്ഷന്‍ പരിശോധിക്കുകയും കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.
വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിന് ശേഷം സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്ന് മാറ്റുകയും ചെയ്യുക.
*വീടുകളില്‍ നിന്നനും കുറേ നാളുകള്‍ മാറിത്താമസിക്കേണ്ടിവരുമ്പോള്‍മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക.
*കുറേയധികം വൈദ്യുതി ഉപകരണങ്ങള്‍ ഒരേസമയം ഒരേ സോക്കറ്റില്‍ പ്രവര്‍ത്തിപ്പിക്കരുത്.
*വീടുകളില്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി സൂക്ഷിക്കുക.

date