Skip to main content
പ്രദർശന വിപണന മേളയ്ക്ക് 17 തുടക്കം

പ്രദർശന വിപണന മേളയ്ക്ക് 17 തുടക്കം

 

ആലപ്പുഴ ഒരുങ്ങി

പ്രദർശന വിപണന കലാമേളയെ വരവേൽക്കാൻ ജില്ല ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമനേട്ടങ്ങളും ജനോപകാര പദ്ധതികളും ജനങ്ങളിൽ എത്തിക്കുന്നതിനായുള്ള എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. മേളയുടെ ഉദ്ഘാടനം ഇന്ന് (17) വൈകിട്ട് നാലിന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൃഷി വകുപ്പ്  മന്ത്രി പി. പ്രസാദ് നിർവഹിക്കും. ആലപ്പുഴ ബീച്ചിലാണ് പ്രദർശന വിപണന മേള ഒരുക്കിയിട്ടുള്ളത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്. ചടങ്ങിൽ എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. എം.എൽ.എമാരായ ദലീമ. പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ് കെ.തോമസ്, രമേശ് ചെന്നിത്തല, യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സംഘാടക സമിതി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, മുനിസിപ്പൽ കൗൺസിലർമാരായ പ്രഭ ശശികുമാർ, എൽജിൻ റിച്ചാർഡ്, സബ് കളക്ടർ സൂരജ് ഷാജി, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, സംഘാടക സമിതി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് തുടങ്ങിയവർ സംസാരിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് (17) മൂന്നു മണിക്ക് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റേയുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ ജില്ലയിലെ എം.പിമാർ എം.എൽ.എ.മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ, ജില്ല കളക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തെയ്യം, കഥകളി, തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയിൽ ഉണ്ടാകും. കളക്ടറേറ്റിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയിൽ സമാപിക്കും. 

ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ 200 ഓളം സ്റ്റാളുകളിലായി ആധാർ രജിസ്ട്രേഷൻ മുതൽ ഡി.പി.ആർ. ക്ലിനിക്കുകൾ വരെ സജ്ജമാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട വ്യവസായ (എം.എസ്.എം.ഇ.) യൂണിറ്റുകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവയും ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകൾ, ടെക്‌നോളജി പ്രദർശനം, ചർച്ചാവേദി, തുടങ്ങിയവയും മേളയിലുണ്ട്. 

ആധാർ രജിസ്‌ട്രേഷൻ, പുതുക്കൽ, റേഷൻ കാർഡ് സംബന്ധമായ പ്രശ്‌നങ്ങൾ, റവന്യൂ സംബന്ധമായ സേവനങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, തൊഴിൽ - എംപ്ലോയ്‌മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സേവനങ്ങളും അതത് വകുപ്പിന്റെ സ്റ്റാളുകളിൽ ലഭിക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്‌പ്ലെ സോണുകളും മേളയിലുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡോഗ് ഷോ, ടെക്‌സോണിൽ വാഹന പ്രദർശനം, സ്വയംരക്ഷാ പരിശീലന പ്രദർശനം എന്നിവയും അരങ്ങേറും. ഭക്ഷ്യമേള മുഖ്യ ആകർഷകമാകും.

ആദ്യ ദിവസമായ ഇന്ന് (ഏപ്രിൽ 17) വൈകിട്ട് 6.30-ന് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ വിസ്മയ പരിപാടി നടക്കും. 18-ന് നാടൻ പാട്ടുമായി ബാനർജിയുടെ കനൽ ഫോക്ക് ബാൻഡ്, 
19-ന് ഷഹബാസ് അമന്റെ ഗസൽ രാവ്, 20-ന് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീതനിശ, 21-ന് ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ നയിക്കുന്ന മ്യൂസിക് ബാൻഡ്, 22-ന് കൊച്ചിൻ റിലാക്സ് അവതരിപ്പിക്കുന്ന മെഗാ ഷോ, 23-ന് താമരശ്ശേരി ചുരം ബാൻഡിന്റെ ലൈവ് ഷോ എന്നിവാണ് വേദിയിൽ അരങ്ങേറുന്നത്. 

പൂർണമായും ഭിന്നശേഷി സൗഹൃദമായാണ് ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി നിർമിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ വേദിയിൽ വിവിധ സേവനങ്ങളും പരിപാടികളും സംഘടിപ്പിക്കും. സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനായി വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സുനീതി പോർട്ടൽ മുഖേനെ സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുണ്ട്. ഭിന്നശേഷിക്കാർ നിർമിച്ച ഉത്പന്നങ്ങളുടെ വിപണനം, സംരംഭങ്ങൾ തുടങ്ങുവാൻ താത്പര്യമുള്ള ഭിന്നശേഷികാർക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഡി.പി.ആർ ക്ലിനിക്കും സജ്ജമാണ്. 

17-ന് വൈകിട്ട് 5 ന് സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരം ബീച്ചിൽ നടക്കും. തൃശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷന്റെ നേതൃത്വത്തിലുള്ള റിഹാബ് എക്സപ്രസ് മൊബൈൽ മെഡിക്കൽ യൂണിറ്റ് മുഖേനെ ഭിന്നശേഷികാർക്കായുള്ള തെറാപ്പി സേവനങ്ങൾ 17 മുതൽ 19 വരെ വേദിക്ക് സമീപം ഒരുക്കും. ആലപ്പുഴ ഗവ. ദന്തൽ മെഡിക്കൽ കോളേജിന്റെ മൊബൈൽ ദന്തൽ ചികിത്സ സേവനവും ഏപ്രിൽ 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 2 വരെ വേദിക്ക് സമീപം ക്രമീകരിക്കും. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0477 2253870 എന്ന നമ്പറിൽ ബന്ധപ്പെടാം.

സാമൂഹ്യനീതി വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളുടെ ബോധവത്ക്കരണത്തിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ പ്രശസ്തമായ തോൽപ്പാവക്കൂത്തും വേദിയിൽ അരങ്ങേറും. പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഷൊർണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തോൽപ്പാവക്കൂത്ത് കലാകേന്ദ്രത്തിലെ കലാകാരന്മാരാണ് ഏപ്രിൽ 17 മുതൽ സാമൂഹ്യനീതി വകുപ്പിന്റെ പ്രദർശന സ്റ്റാളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്.

എന്റെ കേരളം പ്രദർശന വിപണന മേളയിൽ നാവിൽ രുചിയൂറും മലബാർ, കുട്ടനാടൻ വിഭവങ്ങളുമായി കുടുംബശ്രീ ഫുഡ്കോർട്ട്. സ്പെഷ്യൽ നോമ്പ്തുറ വിഭവങ്ങളായ മലബാർ സ്പെഷ്യൽ ഉന്നക്കായ, വിവിധതരം കട്ലറ്റുകൾ, സമൂസ, പഴംപൊരി, ബജികൾ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ റമദാൻ മാസം കണക്കിലെടുത്ത് പ്രത്യേക ടേക്ക്  എവേ കൗണ്ടറുകളിൽ ഒരുക്കിയിട്ടുണ്ട്.  ദോശ പ്രേമികൾക്കായി കുട്ടി ദോശ, മസാല ദോശ, മുട്ട ദോശ, ജീരക ദോശ, ചിക്കൻ ദോശ തുടങ്ങി പത്തോളം ദോശകളും ഫുഡ് കോർട്ടിൽ ലഭിക്കും. 
മധുരത്തിനായി പാലട, പരിപ്പ്, ചോക്ലേറ്റ്, അടപ്രഥമൻ, മുളയരി തുടങ്ങിയ പായസങ്ങളും ചൂടകറ്റാൻ വിവിധ തരം ഷെയ്ക്കുകൾ ജ്യൂസുകൾ എന്നിവയും തയ്യാറാക്കും. തനി നാടൻ വിഭവങ്ങളായ കപ്പയും മീനും, കപ്പ ബിരിയാണി, കപ്പയും കരിമീൻ മപ്പാസും, കപ്പയും കക്കയിറച്ചിയും, കപ്പയും കരിമീൻ വറുത്തതും, എട്ടങ്ങാടി പുഴുക്ക് അടക്കം ഇവിടെ ലഭിക്കും. ആലപ്പുഴയുടെ തനത് രുചി അറിയാൻ അപ്പവും താറാവുകറിയും, അപ്പവും ചിക്കൻ കറിയും ഒരുക്കിയിട്ടുണ്ട്. ലൈവ് കിച്ചൺ കൗണ്ടറുകളാണ് ഇവിടെയുള്ളത്. 10 കുടുംബശ്രീ കൗണ്ടറുകളിലായി 80 ഓളം പേരാണ് ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെ 11 മുതൽ രാത്രി 9 മണി വരെയാണ് ഫുഡ് കോർട്ടിന്റെ പ്രവർത്തനം.

date