Skip to main content
രാജ്യാന്തര നിലവാരത്തിൽ പൂർത്തിയാക്കിയ ഏറ്റുമാനൂർ ഐ.ടി.ഐ. മന്ദിരം പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാനത്തെ  ഐ.ടി.ഐകളിലെ കാലഹരണപ്പെട്ട കോഴ്സുകൾ പരിഷ്കരിക്കും : മന്ത്രി വി. ശിവൻ കുട്ടി

ഏറ്റുമാനൂർ രാജ്യാന്തര ഐ.ടി.ഐ മന്ദിരം ഉദ്ഘാടനം ചെയ്തു.

കോട്ടയം: സംസ്ഥാനത്തെ മുഴുവൻ ഐ.ടി.ഐ കളിലെയും കാലഹരണപ്പെട്ട കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ - തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി .

 കിഫ്ബി വഴി 7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ രാജ്യാന്തര നിലവാരത്തിലുള്ള  മന്ദിരം  ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ ഐ.ടി .ഐ യിൽ നൈപുണ്യ വികസന കേന്ദ്രം തുടങ്ങണമെന്നും രണ്ടു പുതിയ കോഴ്സുകൾ ആരംഭിക്കണമെന്നും വിദ്യാഭ്യാസ വകുപ്പുമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അനുഭാവ പൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വജ്ര ജൂബിലി ലോഗോ പ്രകാശനം ഐ.ടി.ഐ. വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാറിനു കൈമാറി മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സെമിനാർ ഹാൾ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സുവനീർ കവർ ചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രകാശനം ചെയ്തു. കെ.എ.എസ്.ഇ. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ് ആലഞ്ചേരി, അഡീഷണൽ ഡയറക്ടർ ഓഫ് ട്രയിനീസ് കെ.പി.ശിവശങ്കരൻ ,ഏറ്റുമാനൂർ ഐ.ടി.ഐ. പ്രിൻസിപ്പാൾ സൂസി ആന്റണി നന്ദിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  രാജീവ് നെല്ലിക്കുന്നേൽ, ബാബു ജോർജ്, സംഘടനാപ്രതിനിധികളായ സാലി ജോജി, മാത്തുക്കുട്ടി മാങ്കോട്ടിൽ, വി.എം. ഹരികുമാർ, മാഹിൻ റഹീം, തുടങ്ങിയവർ പ്രസംഗിച്ചു.  

മൂന്നുനിലകളിലായാണ് പുതിയ ഐ.ടി.ഐ. മന്ദിരം. രാജ്യാന്തര നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്‌സ്‌മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം.  കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിർമിച്ചിട്ടുണ്ട്. 

   

 

date