Skip to main content
 'എന്റെ കേരളം' മെഗാ എക്സിബിഷൻ

'എന്റെ കേരളം' മെഗാ എക്സിബിഷൻ തിങ്കളാഴ്ച സമാപിക്കും

രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച 'എന്റെ കേരളം' മെഗാ എക്സിബിഷൻ തിങ്കളാഴ്ച (ഏപ്രിൽ 17) സമാപിക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ 11ന് ആരംഭിച്ച എക്‌സിബിഷനും കലാ സാസ്‌കാരിക പരിപാടികളും കാണാൻ ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. വിവിധ വകുപ്പുകളുടെ ഇരുനൂറോളം പ്രദർശന-വിപണന-സേവന സ്റ്റാളുകളാണ് മേളയിൽ സജ്ജീകരിച്ചത്. മികച്ച വിറ്റുവരവും ലഭിച്ചു. രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഒരുക്കിയ ഫുഡ്‌കോർട്ടും ശ്രദ്ധേയമായി. പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ മാത്രം ലഭിച്ചിരുന്ന സേവനങ്ങൾ എക്‌സിബിഷൻ സ്റ്റാളുകളിൽ ലഭിച്ചു. യുവാക്കളുടെ ആശയങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ, സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളിലെ സാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ തുറന്നിട്ട സംരംഭകർക്ക് ആശയ സംവാദത്തിനുള്ള ബി റ്റു ബി ഏരിയ, കായിക വിനോദങ്ങൾക്കുള്ള സ്‌പോർട്‌സ് ഏരിയ തുടങ്ങിയവ ശ്രദ്ധേയമായി. എല്ലാ ദിവസങ്ങളിലും കരിയർ ഗൈഡൻസ്, കരിയർ കൗൺസലിംഗ് ക്ലാസുകൾ, ജോബ് ഫെയർ, ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണ ക്ലാസ് തുടങ്ങിയ ക്ലാസുകൾ എക്‌സിബിഷന്റെ ഭാഗമായി നടന്നു. യുവാക്കളുടെ ഹരമായി മാറിയ പ്രമുഖ സംഗീത-നൃത്ത സംഘങ്ങളുടെ ദൃശ്യ-സംഗീത വിരുന്ന് എക്‌സിബിഷൻ രാവുകൾക്ക് മിഴിവേകി.
സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സംബന്ധിക്കും. ഏറ്റവും മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം ചടങ്ങിവെച്ച് വിതരണം ചെയ്യും. തുടർന്ന് ദി ഇന്ത്യൻ ഫ്യൂഷൻ ബാൻഡിന്റെ കെഎൽ 14 വടക്കൻ ടോക്‌സ് സംഗീത പരിപാടി, ആശ വർക്കർമാരുടെ നാടൻപാട്ട്, സംഘനൃത്തം എന്നിവ അരങ്ങേറും.

date