Skip to main content

മാലിന്യ സംസ്കരണം ഒരു സംസ്കാരമായി രൂപപ്പെടണം - മന്ത്രി അഹമ്മദ് ദേവർകോവിൽ

 

ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ വിപുലമായ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ

മാലിന്യ സംസ്ക്കരണം ഒരു സംസ്കാരമായി രൂപപ്പെടണമെന്നും പൗരബോധം അത്തരത്തിലേക്ക് ഉയരണമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കോർപ്പറേഷൻ നടപ്പിലാക്കുന്ന അഴക് - ശുചിത്വ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി വീടുകളിലെ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിന് വിവിധ മാലിന്യ സംസ്ക്കരണ ഉപാധികൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മേയർ ഡോ. എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബൊക്കാഷി ബക്കറ്റ്, ജിബിൻ, ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് വിതരണം ചെയ്യുന്നത്. വാർഡ് സഭ മുഖേന തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് മാലിന്യ സംസ്കരണ ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നൽകി വീടുകളിലെ ജൈവമാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കും. മുഴുവൻ വീടുകളിലും ഇത്തരത്തിൽ ജൈവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ സ്ഥാപിച്ചാൽ കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്നം പൂർണ്ണമായും പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ.

പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് അതാത് ഹെൽത്ത് സർക്കിൾ ഓഫീസിൽ എത്തി ഗുണഭോക്തൃ വിഹിതം അടക്കാവുന്നതാണ്. പദ്ധതി മുഖേന ജൈവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ആവശ്യമുള്ളവർ കൗൺസിലർമാരുമായോ അടുത്തുള്ള ഹെൽത്ത്‌ സർക്കിൾ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. 

ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി പദ്ധതി വിശദീകരണം നടത്തി. ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം ഫലപ്രദമായി പരിപാലിക്കുന്നതിനായി ഓരോ വാർഡിലെയും ഹരിത കർമ്മസേന അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഗ്രീൻ ടെക്നിഷ്യൻമാരുടെ പ്രഖ്യാപനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ദിവാകരൻ, പി.സി.രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, കൗൺസിലർമാരായ ഒ സദാശിവൻ, ഡോ അജിത, എൻ.സി.മോയിൻകുട്ടി, എസ്.എം തുഷാര, ജോയിന്റ് ഡയറക്ടർ ഇൻചാർജ് പി.പ്രസാദ്, ശ്രീകല ഒ, ജിതിൻ ടി.വി.എസ് ഹെൽത്ത് ഓഫീസർ ഡോ ശശികുമാർ എന്നിവർ സംസാരിച്ചു.

date