Skip to main content

കരുതലും കൈത്താങ്ങും: ലഭിച്ചത്‌ 4207 പരാതികൾ

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതൽ എട്ട് വരെ ജില്ലയിൽ സംഘടിപ്പിക്കുന്ന‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്ക് ലഭിച്ചത്‌ 4207 പരാതികൾ.

കോഴിക്കോട് താലൂക്കിലാണ് കൂടുതൽ പരാതികൾ ലഭിച്ചത്: 1451. കൊയിലാണ്ടി -1117, വടകര - 1039, താമരശ്ശേരി - 600 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച പരാതികൾ. സാമൂഹികക്ഷേമ പെൻഷൻ കുടിശ്ശിക, തെരുവുനായ ശല്യം ഉൾപ്പെടെ തദ്ദേശ സ്വയം ഭരണവകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയിൽ ഏറെയും. 

ജില്ലയിൽ മേയ് രണ്ട് മുതൽ എട്ട് വരെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് താലൂക്ക്തല  അദാലത്തുകൾ നടക്കുക. അദാലത്തുമായി ബന്ധപ്പെട്ട പുരോഗതികൾ വിലയിരുത്തുന്നതിന് ജില്ലാ കലക്ടർ എ.ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അദാലത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ തീർപ്പാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  കലക്ടർ നിർദേശം നൽകി. യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഡി ഡി സി എം.എസ് മാധവികുട്ടി, എ ഡി എം സി.മുഹമ്മദ് റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date