Skip to main content

പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടത് അനിവാര്യം- മന്ത്രി അഹമ്മദ് ദേവർകോവിൽ

 

ഹരിതം പദ്ധതി 2023 ന്റെ സംസ്ഥാന തല ഉദ്ഘാടനം കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു 

പാഠ്യ പദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മണ്ണിനെകുറിച്ചും കാർഷിക മേഖലയെ കുറിച്ചും ചെറുപ്രായത്തിൽ തന്നെ അറിവ് നേടാൻ ഇത് വഴി സാധിക്കും. സംസ്ഥാന കാർഷിക വികസന, കർഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹരിതം പദ്ധതി 2023 ന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം പദ്ധതികളിലൂടെ കൃഷിയെ കുറിച്ച് കുട്ടികളിൽ പുതിയ ആശയങ്ങളും ചിന്തകളും പകർത്താൻ കഴിയുമെന്നും  അവരിൽ അന്തർലീനമായ കാർഷിക സ്വഭാവം പുറത്തെത്തിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് കൃഷിയെകുറിച്ച് അവബോധം നൽകാൻ ഇത്തരത്തിൽ വിപുലമായ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് പ്രശംസനീയമാണ്. നമ്മൾക്കാവശ്യമുള്ള പച്ചക്കറികൾ നമുക്ക് തന്നെ ഉത്പാദിപ്പിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. 

കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അര ഏക്കർ വയലിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. വെള്ളരി, കയ്പ്പ, ചീര, പയർ, തുടങ്ങി പത്തിനം പച്ചക്കറികളാണ് നട്ടത്.  ഒന്നാംഘട്ടത്തിൽ ഏകദേശം അഞ്ച് ടൺ പച്ചക്കറി വിളവെടുക്കാൻ സ്കൂളിന് സാധിച്ചു.

കായണ്ണ ഇ.എം.സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കായണ്ണ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ.കെ ഷാമിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഹയർ സെക്കൻഡറി എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എസ്.ശ്രീജിത്ത് ഹരിത സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ടി സത്യൻ ഹരിതം കിറ്റ് കെെമാറി. 

കായണ്ണ ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, വെെസ് പ്രസിഡന്റ് ടി.വി ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.സി ശരൺ, കെ.വി ബിൻഷ, പഞ്ചായത്തംഗം പി.കെ ഷിജു, കൃഷി ഓഫീസർ പിസി അബ്ദുൽ മജീദ്, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫെെസൽ, എൻ.എസ്.എസ്  പി.എ.സി അം​ഗം സി.കെ ജയരാജൻ, സീനിയർ അസിസ്റ്റന്റ് റഷീദ് പുത്തൻപുര, എൻ.എസ്.എസ് പ്രോ​ഗ്രാം ഓഫീസർ ഡോ.എം.എം സുബീഷ്, മദർ പി.ടി.എ ചെയർപേഴ്സൺ  ഷീന സജീവൻ ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date