Skip to main content

പദ്ധതി തുക ചെലവഴിക്കൽ: സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. 106.05 ശതമാനം തുക ചെലവഴിച്ചാണ്  സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം നേടിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച തുക നൂറ് ശതമാനവും ജനറൽ ഫണ്ടിൽ 97 ശതമാനവും വിനിയോ​ഗിക്കാൻ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. 

പ്രാദേശിക സംരംഭങ്ങൾക്ക് അനുവദിച്ച മുഴുവൻ തുകയും ചെലവഴിച്ച് വ്യത്യസ്തങ്ങളായ നിരവധി സംരംഭങ്ങൾ ആരംഭിച്ചു. ഇവന്റ് മാനേജ്‌മെന്റ്, ഫ്ലോർമിൽ, മെഡിക്കൽ ലാബ് ഉൾപ്പെടെ പത്തോളം പുതിയ സംരംഭങ്ങളാണ് ബ്ലോക്കിന് കീഴിൽ ആരംഭിച്ചത്. നെല്ല്, പച്ചക്കറി കൃഷികളിലും ക്ഷീര മേഖലയിലും നൂറ് ശതമാനമാണ് ഫണ്ട് വിനിയോ​ഗം. കീഴരിയൂർ പഞ്ചായത്തിലെ പാടശേഖരത്തിൽ പെട്ടിയും പറയും സ്ഥാപിച്ചു. ക്ഷീര കർഷകർക്ക് പാലിന് ഇൻസെന്റീവും, കാലിത്തീറ്റയ്ക്ക് സബ്സിഡിയും നൽകി. 

പട്ടികജാതി വിഭാ​ഗത്തിനായി അനുവദിച്ച 55,55,000  രൂപയും ചെലവാക്കി. പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിയും ഒരുക്കി നൽകി. ഭിന്നശേഷി മേഖലയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, മുച്ചക്ര സ്കൂട്ടർ വിതരണം എന്നിവയും നടപ്പാക്കി. മേപ്പയ്യൂർ പഞ്ചായത്തിലെ രണ്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിനും ഫണ്ട് അനുവദിച്ചു.

date