Skip to main content
വടകര മാഹി കനാല്‍ പ്രവൃത്തി സ്ഥലങ്ങള്‍ എം എൽ എ സന്ദര്‍ശിച്ചു 

വടകര മാഹി കനാല്‍ പ്രവൃത്തി സ്ഥലങ്ങള്‍ എം എൽ എ സന്ദര്‍ശിച്ചു 

 

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മണിയൂര്‍ ഗ്രാമപഞ്ചായത്ത് മുതല്‍ പുറമേരി ഗ്രാമപഞ്ചായത്ത് വരെയുള്ള വടകര-മാഹി കനാല്‍ നിര്‍മ്മാണ പ്രവൃത്തി സ്ഥലങ്ങള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. 16.95 കോടി രൂപ ചിലവഴിച്ചാണ് മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപ്പുവെള്ളം കയറുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരമാകും. കൂടാതെ ജലഗതാഗതവും ഇതുവഴി സാധ്യമാകും. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളും വർധിക്കും. ലോക്ക് കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള 7.6 കോടി രൂപയുടെ അപ്രോച്ച് റോഡ് പ്രവൃത്തിക്കും അനുമതി ലഭിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വടകര മാഹി കനാല്‍ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട്  കന്നിനടക്ക്  സമീപം കൗന്തന്‍ നട ഫുട് ബ്രിഡ്ജ് നിർമാണം, കോട്ടപ്പള്ളിക്ക് സമീപം തില്ലേരി താഴ ഫുട് ബ്രിഡ്ജ് നിർമാണം,  വെങ്ങോളിക്ക് സമീപം കല്ലില്‍ താഴ  ഫുട് ബ്രിഡ്ജ് നിർമാണം, കല്ലേരി - ചേരിപ്പോയില്‍ വലത് കര ബണ്ട് റോഡ് നവീകരണം, ചാത്തോത്ത് പൊയില്‍ - കോട്ടപ്പള്ളി ഇടത് കര ബണ്ട് റോഡ് നവീകരണം, വില്ലേജ് ഓഫീസ് - കോട്ടപ്പള്ളി ഇടത് കര ബണ്ട് റോഡ് നവീകരണം എന്നിവയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

കോട്ടപ്പള്ളി പാലത്തിന്റെ ഡിസൈന്‍ പ്രവൃത്തി പുരോഗതിയിലാണ്. ഈ വര്‍ഷം തന്നെ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ  ഡിസൈന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടന്നുവരുന്നുണ്ട്. 2025 ഓടെ വടകര -മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മണിയൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷ്‌റഫ്, ,തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി വി,  ഇന്‍ലാന്‍സ് നാവിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  സുശീല്‍ ഐ.വി ,അസിസ്റ്റന്റ് എന്‍ജിനീയര്‍ ശില്‍പ്പ , യു എല്‍ സി സി എസ് ഡയറക്ടർ സുരേന്ദ്രന്‍, ജനപ്രതിനിധികള്‍ എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

date