Skip to main content
ജനസാഗരം സാക്ഷി;  സർക്കാരിന്റെ രണ്ടാം വാർഷികം ആവേശമാക്കി ഘോഷയാത്ര 

ജനസാഗരം സാക്ഷി;  സർക്കാരിന്റെ രണ്ടാം വാർഷികം ആവേശമാക്കി ഘോഷയാത്ര 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയുടെ ആവേശം വാനോളമുയർത്തി സാംസ്‌കാരിക ഘോഷയാത്ര. മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ആലപ്പുഴ കളക്ടറേറ്റിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ല ഭരണകേന്ദ്രത്തിൻറെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ ഭരണമികവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്.

മാലിന്യ നിർമ്മാർജ്ജന പ്ലക്കാർഡുകളുമായി എത്തിയ ഹരിതകർമ്മസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വൻ ജനാവലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ നിന്നെത്തിയവരും ഘോഷയാത്രയിൽ പങ്കാളികളായി. യുവാക്കളുടെ സാന്നിധ്യവും ഘോഷയാത്രയിൽ ഉണ്ടായിരുന്നു. തെയ്യം ഉൾപ്പടെയുള്ള കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, മയിലാട്ടം, കഥകളി, കാവടി, അമ്മങ്കുടം തുടങ്ങിയവയും ഘോഷയാത്രയ്ക്ക് നിറം പകർന്നു.

എ.എം. ആരിഫ് എം.പി., എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ജില്ല കളക്ടർ ഹരിത വി. കുമാർ, ഡി.ഡി.പി. ബൈജു ജോസ്, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ, എ.ഡി.എം. എസ്. സന്തോഷ്‌ കുമാർ തുടങ്ങിയവരും ഘോഷയാത്രയുടെ ഭാഗമായി.

ഘോഷയാത്ര ആലപ്പുഴ ബീച്ചിലെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന വേദിയിൽ സമാപിച്ചു. ഏപ്രിൽ 23 വരെ രാവിലെ 9 മുതൽ വൈകിട്ട് എട്ട് വരെയാണ് സ്റ്റാളുകളുടെ പ്രവർത്തനം. എല്ലാ ദിവസവും വൈകിട്ട് 6.30ന് പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ബീച്ചിലെ പ്രത്യേക വേദിയിൽ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

date