Skip to main content
കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി അദ്വൈത് എസ് പവിത്രൻ 'എന്റെ കേരളം' മേളയിലെ  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ

കവിതയുടെ ചിറകിലേറി പറക്കും, അദ്വൈതിന്റെ സ്വപ്നത്തിലേക്ക്

'പൊടിമീശയൽപ്പം കിളിർത്തു വന്നു, കൂടെയെൻ ബാല്യവും പോയിമറഞ്ഞു'-ബാല്യകാലത്തിന്റെ നഷ്ടബോധത്തിൽ നിന്നും കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി അദ്വൈത് എസ് പവിത്രൻ കുറിച്ചിട്ട വരികളാണിത്. ചങ്ങാതിമാർ ബാല്യം ആഘോഷമാക്കിയപ്പോൾ അദ്വൈതിനെ സെറിബ്രൽ പാൾസിയെന്ന വില്ലൻ ചക്ര കസേരയിലിരുത്തി. എന്നാൽ വേദനകളെ അക്ഷരങ്ങളാക്കാൻ പഠിച്ച് രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കി. അങ്ങനെ ചക്ര കസേരക്ക് ചിറക് നൽകി സ്വപ്നത്തിലേക്ക് പറന്നുയരുകയാണ് വലിയ ചിന്തകളുള്ള ഈ കുഞ്ഞു കവി.
സെറിബ്രൽ പാൾസിയുമായി ജനിച്ച ആദ്വൈത് ആദ്യമൊക്കെ ക്ലാസിൽ ചടഞ്ഞിരുന്നു. മനസിൽ സങ്കടങ്ങൾ മാത്രം. ഹൃദയവേദനയേറ്റ മാതാപിതാക്കൾ അലോപ്പതിയും ആയുർവ്വേദയും മാറിമാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. എന്നാൽ അച്ഛൻ പവിത്രനും അമ്മ ശാന്തിനിയും അവന് മികവിന്റെ പടവുകൾ കയറാൻ വഴികാട്ടി. അഞ്ചാം ക്ലാസിൽ പഠിക്കവെ കലാലയം പ്രമേയമാക്കി ആദ്യ കവിത രചിച്ചു. പിന്നെ ആഴ്ചയിലൊരിക്കൽ വീടിന് സമീപത്തെ വായനശാലയിൽ  പോകുന്നത് ശീലമാക്കി. വായനയിലൂടെ ലോകത്തെ അടുത്തറിഞ്ഞ് കൂടുതൽ കരുത്താർജ്ജിച്ചു. പിന്നെ കുട്ടിക്കാലം മുതൽ അനുഭവിച്ചതും ചിന്തിച്ചതും പേനത്തുമ്പിൽ നിന്നും അടർന്നു വീണപ്പോൾ, അവ ജീവിതഗന്ധിയായ കവിതകളായി. അപ്പോഴും രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വിധി രോഗത്തിന്റെ രൂപത്തിൽ കടന്നുവന്നു. എന്നാൽ വിധി തളർത്തിയ കരങ്ങൾ വഴങ്ങാൻ മടിച്ചപ്പോൾ അമ്മ മകന്റെ കൈകളായി. അങ്ങനെ അദ്വൈതിന്റെ കവിതകൾ, അച്ഛൻ കൂടെ നടക്കുമ്പോൾ എന്നീ പുസ്തകങ്ങൾ പിറന്നു. 2020-21 വർഷത്തെ ഉജ്വലബാല്യം പുരസ്‌കാരം ഈ അത്മധൈര്യത്തിനുള്ള അംഗീകാരമായി ലഭിച്ചു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ച അദ്വൈത് നല്ലൊരു ഗായകൻ കൂടിയാണ്.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ കാടാച്ചിറ ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്വൺ വിദ്യാർഥിയായ അദ്വൈതിന്റെ പുസ്തകങ്ങളുണ്ട്. അധ്യാപകനാകണമെന്ന സ്വപനവും മനസിൽ താലോലിച്ചാണ് ഈ പ്രതിഭ മികവിന്റെ ഓരോ വർണ്ണങ്ങളും ജീവിതത്തിലേക്ക് ചാലിച്ച് എഴുതുന്നത്.

date