Skip to main content

അറിവും അവബോധവും പകർന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റാൾ

ഇടവും വലവുമായി കറുത്ത വസ്ത്രം അണിഞ്ഞു നിൽക്കുന്ന പ്രതിമ ആരിലും കൗതുകമുണർത്തും. 'എന്റെ കേരളം' മെഗാ എക്‌സിബിഷനിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഒരുക്കിയ സ്റ്റാളിൽ എത്തുന്നവരുടെ ശ്രദ്ധ ആദ്യം പതിക്കുന്നതും മുൻവശത്ത് സജ്ജീകരിച്ചിട്ടുള്ള ഫയർ സ്യൂട്ടിലും സ്‌കൂബാ സെറ്റിലും തന്നെ. പിന്നെ സംശയങ്ങളായി ചോദ്യങ്ങളായി. ഇനി സ്റ്റാളിന് അകത്തേക്ക് നോക്കിയാലോ കുറച്ച് നേരം അവിടെ ചെലവഴിച്ചേ പോകൂ.
മേള കാണാൻ എത്തുന്നവർക്ക് അറിവും അവബോധവും ഒരു പോലെ പകരുന്നതാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഒരുക്കിയ സ്റ്റാൾ. വകുപ്പിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിവിധ തരം ഉപകരണങ്ങൾ, വകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ എന്നിവയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ലൈഫ് ഡിറ്റക്ടർ, ഗ്യാസ് ഡിറ്റക്ടർ, സെർച്ച് ലൈറ്റ്, മെറ്റൽ കട്ടർ, ചെയിൻ സോ, കോഡ്‌ലെസ് ബ്ലോവർ, ഹാമർ തുടങ്ങിയവയും വിവിധ തരം കുരുക്കുകളുടെ മാതൃകകൾ, ഫയർ എൻട്രി സ്യൂട്ട് എന്നിവ സ്റ്റാളിൽ കാണാൻ കഴിയും. ലിഫ്റ്റിൽ അകപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ, അഗ്‌നിബാധ ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിതമായി പാചകവാതക സിലിണ്ടറുകൾ കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയ നിർദ്ദേശങ്ങളും സ്റ്റാളിന്റെ ചുമരിൽ പതിച്ചിട്ടുണ്ട്. ദിനേന നിരവധി പേരാണ് സ്റ്റാളിൽ എത്തിച്ചേരുന്നത്.
 

date