Skip to main content
.

വനംവകുപ്പ് ജനസൗഹൃദമാവണം : മന്ത്രി എ.കെ ശശീന്ദ്രന്‍

*മറയൂരില്‍ സാന്റല്‍ മ്യൂസിയം തുടങ്ങും *വനസഹൃദസദസ്സിന് ജില്ലയില്‍ തുടക്കം ജനസഹൃദ വകുപ്പായി വനംവകുപ്പ് മാറണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനസൗഹൃദസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി മുഖ്യാതിഥിയായി. വനവും ജനങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്നത് ഇതുവരെ വിഷയമായിരുന്നില്ല. ഈ വിഷയം ഗൗരവതരമായി എടുക്കുന്നു. പതിറ്റാണ്ടുകളായി കൃഷി ചെയ്ത് ജീവിച്ചു വരുന്നവരാണ് ഇടുക്കിയിലെ ജനത. വന്യജീവി ആക്രമണം ജനജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനത്തെ കാക്കുന്നതിനൊപ്പം ജനങ്ങളെ കേള്‍ക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനം വകുപ്പും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യപരമായ നിലപാട് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്നതില്‍ സന്തോഷമുണ്ട്. വനം വകുപ്പിന്റെ ഏതൊരു പ്രവര്‍ത്തനവും ജനകീയ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടത്താന്‍ കഴിയണം. വന്യജീവി അക്രമണങ്ങളെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടത്തി വരുന്നു. ചിന്നക്കനാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രോജക്ട് എലിഫെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ വേലി നിര്‍മ്മാണം, ആര്‍ ആര്‍ റ്റിയുടെ ശക്തിപ്പെടുത്തല്‍, ചെക്ക്പോസ്റ്റ് നിര്‍മ്മാണം, ആനയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു. വനം വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ക്ക് ഉടന്‍തന്നെ നഷ്ടപരിഹാരം നല്‍കും. അപേക്ഷകള്‍ പരിശോധിച്ച് വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറയൂരില്‍ സാന്റല്‍ മ്യൂസിയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും മന്ത്രി ഉറപ്പു നല്‍കി. പട്ടയപ്രശ്നങ്ങളും തടസ്സങ്ങളും റവന്യൂ മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കും. നേര്യമംഗലം പ്രദേശത്തെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സോളാര്‍ ഫെന്‍സിംങ്ങും ട്രഞ്ചും നിര്‍മ്മിക്കും. സ്പെഷ്യല്‍ റിക്രൂട്ടമെന്റ് വഴി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമം നല്‍കുന്ന നടപടി അന്തിമഘട്ടത്തിലാണ്. സര്‍ക്കാരിന്റെ വലിയ ഇടപെടലാണിതെന്നും മന്ത്രി വ്യക്തമാക്കി. ദേവികുളം താലൂക്കിലെ 10 ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് വന സൗഹൃദസദസ്സ് സംഘടിപ്പിച്ചത്. പരിപാടിയില്‍ ധനസഹയത്തിനര്‍ഹമായവര്‍ക്കുള്ള തുക വിതരണം ചെയ്തു. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി സ്വാഗതം പറഞ്ഞു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം നീതു ലക്ഷ്മി, മൂന്നാര്‍ ഡിഎഫ്ഒ എസ് വിനോദ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗ്ഗീസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. *ആകെ നഷ്ടപരിഹാരം നല്‍കിയത് - 206.07 ലക്ഷം *ഇടുക്കി ജില്ലയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി 40 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കുന്ന നടപടി അന്തിമഘട്ടത്തില്‍ വന്യമൃഗശല്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ *19.18 കി.മീ. സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിച്ചു. നിലവിലുള്ള 18 കി.മീ സോളാര്‍ ഫെന്‍സിംഗിന്റെ അറ്റകുറ്റപണികളും നടത്തി. *0.21 കി.മീറ്റര്‍ എലിഫെന്റ് പ്രൂഫ് ട്രഞ്ച് നിര്‍മ്മിച്ചു. *അടിമാലി, നേര്യമംഗലം, ദേവികുളം എന്നീ റെയിഞ്ചുകളില്‍ ഓരോ താല്‍ക്കാലിക ആര്‍.ആര്‍.റ്റി. അനുവദിച്ചു. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ *നേര്യമംഗലം പ്രദേശത്തെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 8.84 കി.മീ. സോളാര്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്ങും 0.11 കി.മീ. ട്രഞ്ചും നിര്‍മ്മിക്കും *മാങ്കുളം ഡിവിഷനിലെ പട്ടയം പ്രശ്നം ഉടന്‍ പരിഹരിക്കും. *കാര്‍മഡം ഹില്‍ റിസര്‍വ്വില്‍പ്പെട്ടതും 01.01.1977-ന് മുമ്പുള്ളതുമായ കയ്യേറ്റങ്ങള്‍ ക്രമീകരിച്ച് 11312.64 ഹെക്ടര്‍ ഭൂമി കൂടി പതിച്ചു നല്‍കുമ്പോള്‍ പതിനായിരത്തിലധികം ആളുകള്‍ക്ക് പട്ടയം ലഭിക്കും. *കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട താല്‍ക്കാലിക വാച്ചര്‍ ശക്തിവേലിന്റെ അനന്തരാവകാശിയായ മകള്‍ രാധികയ്ക്ക് മൂന്നാര്‍ വനം ഡിവിഷനില്‍ താല്‍ക്കാലിക ജോലി നല്‍കും. അരിക്കൊമ്പന്‍ വിഷയത്തില്‍ ന്യായമായ പരിഹാരം കണ്ടെത്തും : മന്ത്രി എകെ ശശീന്ദ്രന്‍ അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ കാലതാമസമുണ്ടായാലും ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പുതിയൊരു സ്ഥലം വിദഗ്ദ സമിതി നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പനെ സര്‍ക്കാര്‍ മാറ്റാനായി കണ്ടെത്തിയ സ്ഥലം കോടനാടായിരുന്നു. പറമ്പിക്കുളം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലവും അല്ല. പറമ്പിക്കുളവും കോടനാടും ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ രണ്ടുമല്ലാത്ത സ്ഥലമാണ് തിരഞ്ഞെടുക്കുക. വിദഗ്ദ സമിതിതന്നെ മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി നടപടികളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

 

ചിത്രം : വനസൗഹൃദസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

 

 

വീഡിയോ ലിങ്ക് : https://we.tl/t-DYC2WFTDY3

date